പാറശാല∙ ആരോഗ്യ വകുപ്പിന്റെ കീഴിലുളള ചെങ്കൽ കുടുംബക്ഷേമ കേന്ദ്രത്തിനോടനുബന്ധിച്ച് കിടത്തിച്ചികിത്സയ്ക്കായി നിർമിച്ച 50 കിടക്കകളുളള കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കാത്തതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് 25 വർഷം മുമ്പാണ് ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
തുടർന്ന് നാട്ടുകാരുടെ സംഭാവനകൾ കൂടി ഉപയോഗിച്ച് ചെങ്കൽ പഞ്ചായത്ത് 2012–ൽ ജീറിയാട്രിക് സെന്റർ എന്ന പേരിൽ 50 കിടക്കകളുളള ഇരു നില കെട്ടിടവും നിർമ്മിച്ചു.
സംസ്ഥാനസർക്കാർ അധികമായി 4 ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും അനുവദിച്ചതോടെ ചെങ്കൽ പ്രാഥമികാരോഗ്യകേന്ദ്രം ഈ പ്രദേശത്തുളളവരുടെ പ്രധാന ആതുരാലയമായി മാറി. ഇക്കാലയളിൽ 500 പേർ വരെ ഒപിയിൽ എത്തിയിരുന്നുവെന്നു മാത്രമല്ല കിടത്തിച്ചികിത്സയ്ക്കുളള 50 കിടക്കകളിലും രോഗികൾ ഉണ്ടായിരുന്നു.
ക്രമേണ പഞ്ചായത്തും ആരോഗ്യവകുപ്പും ആശുപത്രിയുടെ പ്രവർത്തനങ്ങളോട് താൽപ്പര്യം കാട്ടാതായതോടെ അധികമുണ്ടായിരുന്ന ഡോക്്ടർമാരെയും മറ്റു സ്റ്റാഫിനെയും പിൻവലിച്ചു. അതോടെ കിടത്തിച്ചികിൽസാ വിഭാഗത്തിനു താഴു വീണു.
ഇവിടെയുണ്ടായിരുന്ന കട്ടിലുകളും മെത്തയുമൊക്കെ കാലപ്പഴക്കത്താൽ നശിച്ചു.
യാതൊരു അറ്റകുറ്റപ്പണികളുമില്ലാതെ ഇരുനില കെട്ടിടവും നാശോന്മുഖമാണ്. ഒരു ആംബുലൻസ് ഉണ്ടായിരുന്നതും ഓടാതായി.
പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബക്ഷേമ കേന്ദ്രം(എഫ്എച്സി) ആക്കിക്കൊണ്ടുളള ബോർഡ് സ്ഥാപിച്ചതു മാത്രമാണ് അടുത്തിടെ ആകെയുണ്ടായ മാറ്റം. കുറെനാളായി പ്രവർത്തനമില്ലാതിരുന്ന ലബോറട്ടറി ഏതാനും നാൾ മുമ്പ് ഐപി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു ഭാഗത്താക്കിയിട്ടുണ്ട്.
കടുത്ത അവഗണന നേരിടുന്ന ആശുപത്രിയിൽ ഇപ്പോൾ ശരാശരി 150 പേരാണ് ഒപിയിലെത്തുന്നത്.
ചുറ്റുവട്ടത്തൊന്നും ആശുപത്രികൾ ഇല്ലാത്തതിനാൽ നാട്ടുകാർ ഏറെ പ്രയാസപ്പെടുന്നു. അതേസമയം, കുടുംബക്ഷേമ കേന്ദ്രങ്ങളിൽ സാധാരണയായി കിടത്തിച്ചികിത്സാ വിഭാഗം ഉണ്ടാകാറില്ലെന്നും അഥവാ പ്രവർത്തിക്കണമെങ്കിൽ ആരോഗ്യവകുപ്പ് നിർദ്ദേശം ഉണ്ടാകണമെന്നും കുടുംബക്ഷേമ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അപ്സ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

