മുംബൈയിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. 28 വയസ്സുള്ള അനിൽ ശേഷ്റാവു ഷിൻഡെ ആണ് പൊലീസിന്റെ പിടിയിലായത്.
ദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുടെ വീട്ടിലേക്ക് പ്രവേശിച്ചത്. വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സാരി ധരിച്ച് ഓട്ടോറിക്ഷയിൽ താനെയിലെ ഖാരേഗാവിലുള്ള ഒരു ചേരിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ട്രാൻസ്ജെൻഡർ വേഷത്തിന് പുറമെ, യാചകന്റെ വേഷം ധരിച്ചും ഇയാൾ ആളുകളെ കബളിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അപരിചിതരായ വ്യക്തികളെ വീടുകളിൽ പ്രവേശിപ്പിക്കുന്നതിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

