തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപാസിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് സിറ്റി പൊലീസ് കമ്മീഷണർക്ക് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയത്.
ഒരു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. പുതിയ ബൈപ്പാസ് റോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിലാണ് സഞ്ചരിക്കുന്നതെന്നും ഗുരുതരമായ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിൻമേലാണ് ഈ നടപടി.
പല പ്രധാന ജംഗ്ക്ഷനുകളിലും ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്നും, നിയമലംഘനം നടത്തുന്ന കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ക്യാമറകളും സ്പീഡ് ഡിക്ടേറ്ററുകളും സ്ഥാപിക്കണമെന്നും പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം കമ്മീഷന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി പേരാണ് ഈ പാതയിൽ ഇതിനോടകം അപകടങ്ങളിൽപെട്ട് മരണമടഞ്ഞത്.
കോവളത്തെ ഹോട്ടൽ ജീവനക്കാരനായ ആർ.വി പ്രദീപ് ചന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ തമിഴ്നാട് സ്വദേശിയുടെ കാർ അമിതവേഗതയിൽ വന്നിടിച്ച് ദാരുണാന്ത്യം സംഭവിച്ചതും തിരുവല്ലം ഭാഗത്ത് ബുള്ളറ്റ് ഇടിച്ച് രണ്ട് സഹോദരിമാർ മരണപ്പെട്ടതും ഈ മാസം നടന്ന പ്രധാന അപകടങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെ ഇതേ സ്ഥലത്ത് വൺവേ തെറ്റിച്ചുവന്ന കാർ കാരണം തുടർച്ചയായി 5 കാറുകൾ തമ്മിലിടിക്കുകയുമുണ്ടായി.
കഴിഞ്ഞ മാസം തിരുവല്ലം ടോൾ പ്ലാസയോട് ചേർന്നുള്ള ഭാഗത്തുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് ഐടി ജീവനക്കാർക്ക് ജീവൻ നഷ്ടമായിരുന്നു. കൂടാതെ, കഴിഞ്ഞ മാസം എറണാകുളം, തൊടുപുഴ സ്വദേശികളായ നവീൻ, ഉമ്മൻ വർഗീസ് എന്നീ യുവാക്കൾക്കും മറ്റൊരു വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെടുകയുണ്ടായി.
റോഡിലെ വെളിച്ചക്കുറവ്, അശാസ്ത്രീയമായ സർവീസ് റോഡ്, അമിതവേഗത, മത്സരയോട്ടം എന്നിവയെല്ലാം വലിയ തോതിൽ അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്. സിഗ്നലുകളില്ലാത്ത നേരായ നാലുവരിപ്പാതയായതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ പരിധിവിട്ട
വേഗതയിലാണ് ചീറിപ്പായുന്നതെന്ന് നാടാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. രാത്രികാലങ്ങളിൽ വേഗത നിയന്ത്രിക്കാനോ നിയമലംഘനങ്ങൾ തടയാനോ ഉള്ള സ്ഥിരം പൊലീസ് പരിശോധനകൾ ഈ പാതയിൽ കുറവാണെന്നതും അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

