അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം തുറമുഖത്തേയ്ക്ക് നിലവിൽ റെയിൽ കണക്ടിവിറ്റി ലഭ്യമല്ലാത്തതിനാൽ, പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുഴുവൻ ചരക്കുനീക്കവും റോഡ് മാർഗം മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. വിഴിഞ്ഞത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി തമിഴ്നാട്ടിലെ തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിക്കാർ ‘തിരുപ്പൂർ– വിഴിഞ്ഞം ചരക്ക് ഇടനാഴി’ എന്ന ആവശ്യം ശക്തമാക്കുമ്പോൾ, മറുഭാഗത്ത് തിരുവനന്തപുരം– ചെന്നൈ വ്യവസായ ഇടനാഴിക്കായുള്ള നീക്കങ്ങൾ തമിഴ്നാട് സർക്കാർ ആരംഭിച്ചുകഴിഞ്ഞു.
സമയലാഭവും വിവിധ വിദേശ രാജ്യങ്ങളിലേക്കു നേരിട്ടുള്ള കപ്പൽ സർവീസുകളും ലഭ്യമാകുന്നതിനാൽ, ഇതുവരെ ചെന്നൈ തുറമുഖത്തെ ആശ്രയിച്ചിരുന്ന ബെംഗളൂരു, ഹൊസൂർ മേഖലകളിലെ വ്യവസായികളും വിഴിഞ്ഞം തുറമുഖം ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ സജീവമായി പരിശോധിക്കുന്നുണ്ട്. എന്നാൽ, കേരളം റെയിൽ– റോഡ് ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നേരിടുന്ന കാലതാമസം കാരണം കണ്ടെയ്നർ നീക്കത്തിന്റെ സിംഹഭാഗവും തമിഴ്നാട്ടിലെ റോഡുകൾ വഴിയാകും നടക്കുക.
കേരളത്തിലെ ദേശീയപാത ആറുവരി യാക്കുന്നതിനുള്ള പദ്ധതി പൂർത്തിയാകാൻ ഇനിയും രണ്ടു വർഷത്തോളം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അതിനാൽ, കേരളത്തിന് ഉള്ളിൽ നിന്നുള്ള കണ്ടെയ്നറുകൾ മാത്രമാകും എംസി റോഡിലൂടെയും ദേശീയപാത വഴിയും വിഴിഞ്ഞത്തേക്ക് എത്തിച്ചേരുക.
വിഴിഞ്ഞത്തിന്റെ റെയിൽ കണക്ടിവിറ്റിക്കായി നിർദേശിച്ചിട്ടുള്ള ബാലരാമപുരം കണ്ടെയ്നർ യാഡ് നിർമാണം പൂർത്തിയാകാൻ ഒന്നര വർഷവും, തുറമുഖത്തേയ്ക്കുള്ള ഭൂഗർഭ റെയിൽപാത യാഥാർഥ്യമാകാൻ രണ്ടര വർഷവും ആവശ്യമാണ്. ഭൂഗർഭപാത നിർമാണത്തിനായി കൊങ്കൺ റെയിൽവേ ഇതിനോടകം ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും, പാതയ്ക്കായി ആവശ്യമായ ഭൂമി ഇതുവരെ പൂർണ്ണമായി ഏറ്റെടുത്തിട്ടില്ല.
സ്വകാര്യ റെയിൽവേ സൈഡിങ് നിർമിക്കുന്നതിന് ഗതിശക്തി കാർഗോ ടെർമിനൽ (ജിസിടി) പദ്ധതിയിലൂടെ സ്വകാര്യ കമ്പനികൾക്ക് അവസരമുണ്ടെങ്കിലും, ഇതുവരെയും ആരും ഇതിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിഴിഞ്ഞത്തിന്റെ 75 മുതൽ 175 കിലോമീറ്റർ പരിധിക്കുള്ളിൽ തെക്കൻ തമിഴ്നാട്ടിൽ നിരവധി വ്യവസായ പാർക്കുകളും പ്രത്യേക സാമ്പത്തിക മേഖലകളും പ്രവർത്തിക്കുന്നുണ്ട്.
ഈ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിച്ച് വിഴിഞ്ഞം വഴി കയറ്റുമതി നടത്താനുള്ള തന്ത്രപരമായ നീക്കങ്ങളിലാണ് തമിഴ്നാട് സർക്കാർ. വിഴിഞ്ഞം വഴിയുള്ള കണ്ടെയ്നർ നീക്കത്തിന്റെ യഥാർത്ഥ പ്രയോജനം കേരളത്തിന് ലഭിക്കണമെങ്കിൽ, തുറമുഖത്തിന് ചുറ്റുമുള്ള വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.
കണ്ടെയ്നറുകൾ സുരക്ഷിതമായി സൂക്ഷിക്കാനും വേർതിരിക്കാനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കും ഇത്തരം ലോജിസ്റ്റിക് പാർക്കുകൾ അത്യാവശ്യമാണ്. കുറഞ്ഞ നിരക്കിൽ ഭൂമി കണ്ടെത്തി വ്യവസായികൾക്കു ലഭ്യമാക്കാൻ സർക്കാർ സന്നദ്ധമാകാത്ത പക്ഷം, വിഴിഞ്ഞം തുറമുഖം നൽകുന്ന സാമ്പത്തിക നേട്ടങ്ങളുടെ വലിയൊരു ഭാഗം അയൽ സംസ്ഥാനങ്ങൾ സ്വന്തമാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

