ഡെൽഹി ആസ്ഥാനമായുള്ള സ്ഥാപനത്തിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ വെറും ആറ് മണിക്കൂറിനുള്ളിൽ രാജി സമർപ്പിച്ചു. ‘ഹയറിംഗ് ഇൻസൈഡർ’ സ്ഥാപകൻ ഹർഷിത് ശ്രീവാസ്തവയാണ് ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിലൂടെ ഈ അപൂർവ്വ സംഭവം പുറംലോകത്തെ അറിയിച്ചത്.
കമ്പനിയിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങിയ പഴയ ജീവനക്കാരന് പകരമായാണ് പുതിയ ആൾ ചുമതലയേറ്റത്. പഴയ ജീവനക്കാരന് പകരക്കാരനെ കണ്ടെത്തി ട്രെയിനിങ് നൽകിയ ശേഷം മാത്രം പോകാൻ മാനേജർ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ ഭാഗമായി രാജിക്കത്ത് നൽകിയ ജീവനക്കാരൻ നേരിട്ട് അഭിമുഖം നടത്തിയാണ് പുതിയൊരാളെ തിരഞ്ഞെടുത്തത്. പുതിയ ജീവനക്കാരന്റെ ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ കമ്പനിയുടെ പ്രവർത്തനരീതികളും പ്രൊജക്ടുകളും ഡെഡ്ലൈനുകളും പഴയ ജീവനക്കാരൻ വിശദീകരിച്ചുകൊടുത്തു.
ഇതിനിടയിൽ, അഭിമുഖ വേളയിൽ പറഞ്ഞതിനേക്കാൾ വളരെ അധികം ഉത്തരവാദിത്തങ്ങളും സമ്മർദ്ദവും ജോലിക്കുണ്ട് എന്ന് പഴയ ജീവനക്കാരൻ പുതിയ ആളോട് തുറന്നുപറയുകയും ചെയ്തു. ചുമതലകളുടെ ഭാരവും ജോലിയിലെ യഥാർത്ഥ സമ്മർദ്ദവും മനസ്സിലാക്കിയ പുതിയ ജീവനക്കാരൻ കടുത്ത മാനസിക ബുദ്ധിമുട്ടിലായി.
ഇന്റർവ്യൂവിൽ തന്നെ കബളിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ, വൈകുന്നേരമായപ്പോഴേക്കും അയാൾ മാനേജരെ സമീപിച്ച് രാജിക്കത്ത് നൽകുകയായിരുന്നു. ആകെ ആറ് മണിക്കൂർ മാത്രം ജോലി ചെയ്ത ശേഷമാണ് യുവാവ് പടിയിറങ്ങിയത്.
കാര്യങ്ങളെല്ലാം പെട്ടെന്ന് സംഭവിച്ചതിന്റെ അമ്പരപ്പിലായ മാനേജർ പഴയ ജീവനക്കാരനെ വിളിച്ച് കാര്യം അന്വേഷിച്ചു. “നിങ്ങൾ എന്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞോ, അതൊക്കെ ഞാൻ കൃത്യമായി പറഞ്ഞുകൊടുത്തു” എന്നായിരുന്നു ഇതിന് അദ്ദേഹത്തിന്റെ മറുപടി.
സ്ഥാപനത്തിന്റെ യഥാർത്ഥ ജോലിയും തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നതാണ് യുവാവ് ഇത്രപെട്ടെന്ന് രാജി വെക്കാൻ കാരണമെന്ന് ഹർഷിത് ശ്രീവാസ്തവ വ്യക്തമാക്കി. ജോലിക്കായി നൽകുന്ന തെറ്റായ വാഗ്ദാനങ്ങൾ സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ ജീവനക്കാരൻ കൂടി രാജി വെച്ച് പോയതോടെ പ്രതിസന്ധിയിലായ കമ്പനി, പഴയ ജീവനക്കാരനോട് കുറച്ചുകൂടികാലം സർവീസിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. നിരവധി പേരാണ് ഈ അനുഭവത്തിന് താഴെ കമന്റുകളുമായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

