തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ ലഭിച്ചു. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ശുപാർശ സർക്കാരിന് സമർപ്പിച്ചത്.
കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമേ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേരുമാറ്റം. എന്നാൽ ഈ ശുപാർശയ്ക്കെതിരെ ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തന ലാഭത്തിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും.
ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎൽ തന്നെയാണ് നിർവഹിക്കുന്നത്.
നാഗ്പുർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലക്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് ഈ നീക്കം. പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് ലഭിക്കേണ്ടത്.
തുടർന്ന് ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ ഔദ്യോഗിക അംഗീകാരവും ഇതിനായി ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

