ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ വർഷങ്ങളിൽ കിരീടം സ്വന്തമാക്കുകയെന്നത് ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നമാണ്. സാക്ഷാൽ എംഎസ് ധോണിക്കും രോഹിത് ശർമയ്ക്കും മാത്രം സാധ്യമായ ഈ അപൂർവ്വ നേട്ടത്തിലേക്കാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
2010, 2011 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിനെ ചാമ്പ്യന്മാരാക്കിയാണ് എംഎസ് ധോണി ഈ ചരിത്രമെഴുതിയത്. പിന്നാലെ 2019, 2020 സീസണുകളിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് രോഹിത് ശർമയും സമാനമായ നേട്ടം കൈവരിച്ചു.
ഈ ചരിത്ര നേട്ടത്തിനൊപ്പം എത്താൻ സാധിച്ചില്ലെങ്കിലും, ക്യാപ്റ്റന്മാരെന്ന നിലയിൽ തുടർച്ചയായ സീസണുകളിൽ ഫൈനലിൽ പ്രവേശിച്ചവരാണ് ഹാർദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും. 2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യ, തൊട്ടടുത്ത വർഷം ഫൈനലിൽ ചെന്നൈയോട് പരാജയപ്പെടുകയായിരുന്നു.
സമാനമായ അനുഭവമാണ് ശ്രേയസ് അയ്യർക്കും ഉണ്ടായത്. 2024-ൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം നേടിക്കൊടുത്ത ശ്രേയസ്, അടുത്ത സീസണിൽ പഞ്ചാബ് കിങ്സിനൊപ്പം ഫൈനലിലെത്തിയെങ്കിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയം സമ്മതിക്കേണ്ടി വന്നു.
ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത് രജത് പാട്ടിദാറിലേക്കാണ്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിന്റെ 18 വർഷത്തെ കിരീട
വരൾച്ചയ്ക്ക് വിരാമമിട്ടതിന് ശേഷമുള്ള മുന്നേറ്റമാണ് ടീമിന്റേത്. ഇക്കുറി ഫൈനലിൽ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിനെയാണ് രജത് പാട്ടിദാർ നയിക്കുന്ന ടീം നേരിടുന്നത്.
മുൻഗാമികളായ ഹാർദിക് പാണ്ഡ്യയുടെയും ശ്രേയസ് അയ്യരുടെയും പാതയിലായിരിക്കുമോ രജത് പാട്ടിദാറിന്റെ പ്രയാണമെന്നതാണ് കായിക പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

