കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്.സുഗതന് അനുകൂലമായി കത്തു നല്‍കിയെന്നാരോപിച്ച് തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിൽ സർക്കാരിന് ട്രൈബ്യൂണലിന്റെ നിർദ്ദേശം.
സസ്പെന്ഷന് ആധാരമായ രേഖകള്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകനോട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാട്ടിയെന്നാണ് സസ്പെന്ഷന് ഉത്തരവിലുള്ളത്.
ഈ സാഹചര്യത്തിലാണ് കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്ന രേഖകള്‍ കോടതിയിൽ ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദ്ദേശം നൽകിയത്. ഈ ഹർജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സുഗതന് എസ്കോര്ട് പരോള്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയില്‍ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അനൗദ്യോഗിക കുറിപ്പായി വിശദീകരണം നല്‍കുക മാത്രമാണ് ചെയ്തതെന്ന് ചിത്രയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.പി.സതീശന് കോടതിയിൽ വ്യക്തമാക്കി. 2026 ജൂലൈ 13നു തദ്ദേശവകുപ്പില്‍നിന്ന് വിശദീകരണം ലഭിക്കുന്നതിന് മുൻപ് തന്നെ, എസ്കോര്ട് പരോള്‍ അനുവദിക്കാന്‍ ആവില്ലെന്നു കാട്ടി ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുഗതനു മറുപടി നല്‍കിയിരുന്നുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
തുടർന്ന്, തദ്ദേശവകുപ്പില്നിന്നുള്ള വിശദീകരണം ലഭിച്ചതിനു ശേഷം അത് അതേപടി പകര്‍ത്തി രണ്ടാമത് 2026 ഓഗസ്റ്റ് 6നും ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി സുഗതനു മറുപടി അയച്ചിരുന്നു.
ഔദ്യോഗിക നടപടികളിൽ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി സസ്പെന്ഷന് പിന്‍വലിക്കണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

