കേരളത്തിലെ വിപണിയിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയായി വില നിലവാരം താഴ്ന്നു. ഇറാനും അമേരിക്കയും തമ്മിൽ രണ്ട് മാസത്തെ വെടിനിർത്തൽ കരാർ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര, രാജ്യാന്തര വിപണികളിൽ വില വർധിച്ചിരുന്നു.
എന്നാൽ, കരാർ സംബന്ധിച്ച അന്തിമ തീരുമാനത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് കാലതാമസം വരുത്തുന്നതും, കരാറിൽ അന്തിമ ധാരണയിൽ എത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയതും വിപണിയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. വെടിനിർത്തൽ സാധ്യതകളെ തുടർന്ന് ക്രൂഡോയിൽ വില കുറയുകയും ഡോളർ ദുർബലപ്പെടുകയും ചെയ്തത് കഴിഞ്ഞ ദിവസം സ്വർണത്തിന് അനുകൂലമായിരുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,593 ഡോളർ വരെ ഉയർന്നിരുന്നു. എങ്കിലും കരാർ അനിശ്ചിതത്വത്തിലായതോടെ ക്രൂഡോയിൽ വില വീണ്ടും ഉയരുമെന്ന ആശങ്ക ശക്തമാണ്.
എണ്ണവിലയിലെ വർധനവ് ഡോളറിന് കരുത്ത് പകരുമെന്ന വിലയിരുത്തലുകളെ തുടർന്ന് രാജ്യാന്തര സ്വർണവില 4,489 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും, പിന്നീട് 4,539 ഡോളറായി തിരികെ കയറി. രാജ്യാന്തര വിപണിയിലെ ഈ ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും നേരിട്ട് ബാധിച്ചത്.
അസോസിയേഷനുകളുടെ കണക്കുപ്രകാരം വിലയിൽ നേരിയ വ്യത്യാസങ്ങളുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,895 രൂപയായി.
വെള്ളി വില ഗ്രാമിന് 280 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറച്ച് 11,830 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
കെജിഎസ്എംഎ നിശ്ചയിച്ച വെള്ളി വില ഗ്രാമിന് 285 രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

