പാറശാല ∙ ‘ഭർത്താവിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ ഒരുക്കമാണോ..?’ 11 വർഷം മുൻപ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരുടെ ചോദ്യത്തോടു സമ്മതം അറിയിക്കാൻ ഭാര്യ ലതാ ശർമയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കേരളത്തിലെ അവയവദാന ചരിത്രത്തിന്റെ പുതിയൊരു ഏടു കൂടിയായിരുന്നു ആ സമ്മതപത്രം.
തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനായിരുന്ന പാറശാല എസ്.നീലകണ്ഠ ശർമയുടെ ഹൃദയം ചാലക്കുടി സ്വദേശി മാത്യു ആച്ചാടനാണു സ്വീകരിച്ചത്. രാജ്യത്ത് ആദ്യമായി അവയവദാനത്തിന് എയർ ആംബുലൻസ് ഉപയോഗിച്ചതും അന്നാണ്.
പാറശാല ദളവാപുരത്തെ വീട്ടിൽനിന്ന് 2015 ജൂലൈ 6ന് രാവിലെ കോടതിയിൽ പോകാൻ ഒരുങ്ങവേ പക്ഷാഘാതത്തെ തുടർന്ന് നീലകണ്ഠ ശർമയെ ആദ്യം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.
അന്ന് കൃഷി ഓഫിസറായിരുന്ന ലതയും ബന്ധുക്കളും ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. ജൂലൈ 22 ന് ശർമയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്ന് ലതാ ശർമ സമ്മതപത്രം കൈമാറി. ആരോഗ്യ വകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ശർമയുടെ ഹൃദയത്തിനൊപ്പം വൃക്കകൾ, കണ്ണുകൾ എന്നിവയും ദാനം ചെയ്തു.
ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള ഓട്ടോറിക്ഷാ ഡ്രൈവർ മാത്യു ആച്ചാടനു നൽകാൻ തീരുമാനിച്ചു. റോഡ് മാർഗം കൊണ്ടു പോയാൽ വൈകുമെന്നതിനാൽ ഹൃദയം ചെറുവിമാനത്തിൽ കൊണ്ടുപോകാനായിരുന്നു നിർദേശം.
ഇരു ആശുപത്രി അധികൃതരും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം നാവികസേനയുമായി ബന്ധപ്പെട്ട് ചെറുവിമാനം ഏർപ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവിൽ ഉമ്മൻചാണ്ടി രാത്രി ഒരു മണിക്ക് ഒപ്പുവച്ചത് അന്ന് വലിയ വാർത്തയായി.
അവയവദാനം പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ശർമയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നീലകണ്ഠ ശർമ ഫൗണ്ടേഷൻ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. 2016 ഓഗസ്റ്റ് 16ന് ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.
നിലവിൽ കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായ ലതാ ശർമയാണ് ട്രസ്റ്റിന്റെ ട്രഷറർ. 2023ൽ നടന്ന നീലകണ്ഠ ശർമ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ മാത്യു ആച്ചാടനും ഭാര്യയും മകളും പാറശാലയിൽ എത്തിയിരുന്നു.
ആച്ചാടനും കുടുംബവും ലതയെ നന്ദി അറിയിച്ചാണ് അന്നു മടങ്ങിയത്. മാത്യു ആച്ചാടന്റെ മരണം അതീവദുഃഖകരമാണെന്നും കുടുംബത്തെ ആശ്വസിപ്പിക്കാൻ അവിടേക്കു പോകുന്നുണ്ടെന്നും ലതാ ശർമ പറഞ്ഞു.
ഹൃദയപൂർവം ഒരു ജീവിതസാക്ഷ്യം
പരിയാരം ∙ അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്ക് സ്വന്തം ജീവിതം കൊണ്ടു മറുപടി കൊടുത്തയാൾ എന്ന നിലയ്ക്കായിരിക്കും മാത്യു ആച്ചാടൻ ഓർമിക്കപ്പെടുക.
അവയവദാനം തട്ടിപ്പാണെന്ന് ഒരു സിനിമാ നടൻ പ്രസ്താവന നടത്തിയപ്പോൾ അതിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നു. മരണത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും മക്കളുടെ അവയവങ്ങൾ ദാനംചെയ്യുന്ന മാതാപിതാക്കളുടെ നാടാണിതെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണവറ്റാത്ത മനസ്സുകളിലെ പ്രകാശം ഊതിക്കെടുത്തരുതെന്നുമാണ് അന്ന് മാത്യു ആച്ചാടൻ സമൂഹമാധ്യമത്തിൽ എഴുതിയത്.
തുടർന്ന് നടൻ തെറ്റുതിരുത്തി മാപ്പു പറഞ്ഞത് കേരളത്തിൽ അവയവദാനത്തിന്റെ ചരിത്രവും വളർച്ചയും ശ്രദ്ധിക്കുന്നവർക്കെല്ലാം അറിയാവുന്ന കഥ.
അദ്ദേഹത്തിന്റെ ജീവിതം കേരളത്തിൽ അവയവദാനത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. ‘‘നന്മയുള്ള ഹൃദയങ്ങളേ നന്ദി, ഈ രണ്ടാം ജന്മത്തിന്… എല്ലാവരോടും.’’– ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ എത്തിയ മാത്യു ആച്ചാടൻ, തന്നെ സന്ദർശിക്കാൻ എത്തിയവരോട് പറഞ്ഞ വാക്കുകളാണിത്.
ഹൃദയം ദാനം ചെയ്യാൻ തയാറായ കുടുംബം, ശസ്ത്രക്രിയയ്ക്കു വേണ്ട 25 ലക്ഷം രൂപ സമാഹരിക്കാൻ ഓടിനടന്നവർ, എയർ ആംബുലൻസിൽ ഹൃദയം കൊണ്ടുവരാൻ തുക നൽകാൻ തയാറായവർ… അങ്ങനെ പോകുന്നു ആ നന്മകൾ.
ഒടുക്കം, എയർ ആംബുലൻസിന്റെ പണം സർക്കാർ തന്നെ ഏറ്റെടുത്തു. 2015 ജൂലൈ 24ന് ആയിരുന്നു ചരിത്രമായി മാറിയ ആ ശസ്ത്രക്രിയ നടന്നത്.
ഒന്നായി അണിനിരന്ന പരിയാരം ഗ്രാമം
പരിയാരം എന്ന നാടിന്റെ ഹൃദയം കൂടി ആച്ചാടനിലൂടെ വായിച്ചെടുക്കേണ്ടതുണ്ട്. ഓട്ടോത്തൊഴിലാളി ആയിരുന്ന ആച്ചാടന്റെ ചികിത്സയ്ക്കു വൻതുക വേണ്ടിവരുമെന്ന് അറിഞ്ഞതോടെ നാട്ടുകാർ വിളിച്ചുചേർത്ത ആദ്യത്തെ സഹായസമിതി യോഗത്തിൽ തന്നെ പിരിച്ചത് അര ലക്ഷം രൂപയാണ്.
എയർ ആംബുലൻസിൽ ഹൃദയം കൊണ്ടുവരാൻ ചെലവാക്കുന്ന 6 ലക്ഷം രൂപ ശസ്ത്രക്രിയ വിജയിച്ചില്ലെങ്കിൽ നഷ്ടമാകുമെന്ന് മുന്നറിയിപ്പു പോലെ ഡോ.ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞപ്പോഴും ഒറ്റവാക്കായിരുന്നു പരിയാരത്തുകാരുടെ മറുപടി; ‘മുന്നോട്ടുപോകുക’.
മതസൗഹാർദത്തിന്റെ ഒരു കയ്യൊപ്പ് കൂടി ഉണ്ടായിരുന്നു അന്നത്തെ ആ ഹൃദയം മാറ്റിവയ്ക്കലിൽ എന്ന് ഡോ.
പെരിയപ്പുറം ഓർത്തെടുത്തിരുന്നു. ശരണം വിളിയോടെയാണ് നീലകണ്ഠ ശർമയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ ഹൃദയത്തെ ശ്രീചിത്രയിൽനിന്നു യാത്രയാക്കിയത്.
ലിസി ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ ആ ഹൃദയത്തെ വരവേറ്റത് ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥനയും. സാമ്പത്തിക സഹായവുമായി മുന്നോട്ടുവന്നതാകട്ടെ, ഒരു മുസ്ലിം സഹോദരനും.
ആ ഹൃദയവും നിലച്ചു; മാത്യു ആച്ചാടൻ വിടവാങ്ങി
പരിയാരം ∙ കരുതലിൽ തുന്നിച്ചേർത്ത ഹൃദയത്തുടിപ്പിൽ ഒരു പതിറ്റാണ്ടുകാലം ജീവിതത്തിൽ നിലയുറപ്പിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു ആച്ചാടൻ വിടവാങ്ങി. കേരളത്തിൽ വിമാനമാർഗം ഹൃദയമെത്തിച്ച് ശസ്ത്രക്രിയ നടത്തുന്നതിന് തുടക്കംകുറിച്ചത് ആച്ചാടനിലൂടെയാണ്.
ഇന്നലെ പുലർച്ചെ 1 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഓട്ടോത്തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ നാൽപത്തിയേഴാം വയസ്സിലാണ് ഹൃദയ പേശികൾക്ക് ബലക്കുറവുണ്ടാകുന്ന ഡൈലേറ്റ്സ് കാർഡിയോ മയോപ്പതി രോഗം ബാധിച്ച് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. 2015 ജൂലൈ 15ന് എറണാകുളം ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
എയർ ആംബുലൻസ് പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത് നാവികസേനയുടെ ചെറുവിമാനത്തിലാണു ഹൃദയം ആശുപത്രിയിൽ എത്തിച്ചത്.
തിരുവനന്തപുരത്ത് നിന്ന് 5 മണിക്കൂറിനുള്ളിൽ ഹൃദയം കൊച്ചിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. റോഡ് വഴി എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആകാശമാർഗം കൊണ്ടുവരികയായിരുന്നു ഏകപോംവഴി.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇടപെട്ട് കൊച്ചിയിൽ നിന്ന് നാവികസേന എയർ ആംബുലൻസ് സൗകര്യം ഒരുക്കി നൽകി. തിരുവനന്തപുരത്ത് നിന്ന് രാത്രി 7 മണിയോടെ മിടിക്കുന്ന ഹൃദയവുമായി ആംബുലൻസ് കൊച്ചിയിൽ ഇറങ്ങി.
ശസ്ത്രക്രിയ ദൗത്യം 7 മണിക്കൂർ എടുത്ത് പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ ആരോഗ്യ ചരിത്രത്തിൽ ഇടംപിടിച്ച സംഭവമായി മാത്യുവിന്റെ പുനർജന്മം.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പാറശാല സ്വദേശി നീലകണ്ഠശർമയുടെ ഹൃദയമാണ് മാത്യുവിൽ ജീവന്റെ താളം തുടർന്നും നിലനിർത്തിയത്. അന്ന് നാട്ടുകാരും, ജനപ്രതിനിധികളും മാധ്യമങ്ങളും, സന്നദ്ധ സംഘടനകളും ചികിത്സാ ചെലവ് കണ്ടെത്താൻ സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബത്തിന് ഒപ്പം നിന്നു.
സംസ്ഥാന സർക്കാരും ചികിത്സ നടത്തുന്നതിനായി സാമ്പത്തികവും സാങ്കേതിക സഹായവും നൽകി. പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മാത്യു ഓട്ടോ ഡ്രൈവറായി തുടർന്നു.
ഇതിനിടെ മാല ബൾബ് നിർമാണവും വിൽപനയും നടത്തിയിരുന്നു.
ഞായറാഴ്ച പള്ളിയിലേക്ക് ഓട്ടോയിൽ ആളെ കൊണ്ടുവിടാൻ പോയെങ്കിലും ശാരീരിക അസ്വസ്ഥത മൂലം തിരികെ കൊണ്ടുവരാനായില്ല. കുറച്ച് ദിവസങ്ങളായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പോകാൻ ഇരിക്കെയാണു മരണം.
ഭാര്യ: ബിന്ദു കോട്ടോളി. മക്കൾ: അമൽ (കാനഡ), അന്ന (ജർമനി).
സംസ്കാരം നാളെ രാവിലെ 10ന് പരിയാരം സെന്റ് ജോർജ് പള്ളിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

