കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ പട്ടയം കൈമാറിയ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമായി. ശുദ്ധജല വിതരണത്തിനായി 4–ാം സോണിൽ ഒരുക്കിയ 9.5 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണി കഴിഞ്ഞദിവസം കമ്മിഷൻ ചെയ്തു.
നിർമാണം പൂർത്തിയായ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ കഴിഞ്ഞ ദിവസം വെള്ളം നിറച്ചു. വീടുകളിൽ ശുദ്ധജല വിതരണം ആരംഭിച്ചു.
315 കിലോവാട്ടിന്റെ 2 ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 11 കെവി ലൈൻ ഭൂഗർഭ വിതരണ ശൃംഖലയിലേക്ക് എത്തിച്ച് വൈദ്യുതി ഉറപ്പുവരുത്തി.
ഇതിനു പുറമേ ടൗൺഷിപ്പിൽ 110 കിലോവാട്ട് സബ്സ്റ്റേഷന്റെ നിർമാണവും തുടങ്ങി. കെഎസ്ഇബി വൈദ്യുതിക്കു പുറമേ മുഴുവൻ വീടുകളിലും 2 കിലോവാട്ടിന്റെ സോളറുമുണ്ട്.
ടൗൺഷിപ്പിൽ മലിനജല സംസ്കരണ സംവിധാനവും പുരോഗമിക്കുകയാണ്. ഇതിനുള്ള 10 ബയോ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ (എസ്ടിപി) ആദ്യഘട്ട
വീടുകൾക്ക് ആവശ്യമായ ആറെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. വീടുകളുടെ അവസാനഘട്ട
ഗുണമേന്മ പരിശോധന അന്തിമഘട്ടത്തിലാണ്. നിലം ഒരുക്കുന്നതു മുതൽ ആരംഭിച്ച 58 ഗുണമേന്മ പരിശോധനയ്ക്കു ശേഷമുള്ള 3 വിദഗ്ധ പരിശോധനകളാണു പുരോഗമിക്കുന്നത്.
കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയുടെയും സർക്കാർ ഏജൻസിയായ കിഫ്കോണിന്റെ എൻജിനീയർമാരുടെയും നേതൃത്വത്തിലാണ് അവസാന ഘട്ട
പരിശോധന. അടുത്ത ദിവസങ്ങളിൽ ഗുണഭോക്താക്കളെ വിളിച്ച് എൻജിനീയർമാരുടെ സാന്നിധ്യത്തിൽ ഒടുവിലത്തെ ഗുണമേന്മ പരിശോധന നടത്തും.
ഇതിനു ശേഷമായിരിക്കും വീടുകൾ കൈമാറുക. നിർമാണം പൂർത്തിയായ വീടുകളിലെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടി നിർത്തിയുള്ള 2 തവണത്തെ പോണ്ടിങ് ടെസ്റ്റ് ഉൾപ്പെടെയാണു പൂർത്തിയാക്കിയിട്ടുണ്ട്.
മുഴുവൻ വീടുകളുടെ മുകളിലും ഫൈബർമെഷ് വിരിച്ച് 2 തവണ സ്വിമ്മിങ്പൂൾ വാട്ടർപ്രൂഫിങ് നടത്തുന്നുണ്ട്.
വാട്ടർ പ്രൂഫിങ് പൂർത്തിയാക്കി 2 മുതൽ 7 വരെ സെന്റീമീറ്റർ കനത്തിൽ സ്ക്രീഡിങ് കോൺക്രീറ്റും നടത്തിയിട്ടുണ്ട്. അതേസമയം, ടൗൺഷിപ്പിലെ 300ലധികം വീടിന്റെ പ്രാധനവാർപ്പ് ഇതിനോടകം പൂർത്തിയാക്കി.
5–ാം സോണിൽ ഉൾപ്പെടെ അവസാനം കൈമാറേണ്ട വീടിന്റെ കട്ടകെട്ടലും തേപ്പും രാപകൽ വ്യത്യാസമില്ലാതെ പുരോഗമിക്കുകയാണ്.
മുഴുവൻ സോണുകളിലെയും വിടുകളിലേക്കുള്ള ക്ലസ്റ്റർപാത ഉൾപ്പെടെ 11.72 കിലോമീറ്റർ റോഡിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്.
ഗൃഹോപകരണങ്ങൾ വാങ്ങാൻ സർക്കാർ ഒരുലക്ഷം അനുവദിച്ചു
ടൗൺഷിപ് പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീടുകളിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ വാങ്ങാൻ സർക്കാർ ഒരുലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
സർക്കാർ നേരിട്ട് ഗൃഹോപകരണം വാങ്ങി നൽകുന്നതിനു പകരം ആവശ്യമായവ വാങ്ങി ബില്ല് സമർപ്പിച്ചാൽ തുക കൈമാറുന്നതാണ് രീതി. ഗുണഭോക്താക്കളുടെ ആഗ്രഹത്തിനനുസരിച്ച് ഒരുലക്ഷം രൂപയ്ക്ക് ഗൃഹോപകരണങ്ങൾ വാങ്ങാം.
ദുരന്തബാധിതരെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു വാടക വീടുകളിലേക്കും സർക്കാർ ക്വാർടേഴ്സുകളിലേക്കും പുനരധിവസിപ്പിച്ചപ്പോഴും സർക്കാർ ഗൃഹോപകരണങ്ങൾ നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

