പന്തളം ∙ എംസി റോഡ് അപകടകെണിയായി മാറിയിട്ടു കാലങ്ങളായിട്ടും അപകടങ്ങൾ കുറയ്ക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഇല്ല. ദേശീയ പാതയിൽ പണികൾ നടത്തുന്നതിനാൽ കാെല്ലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കായംകുളം, മാന്നാർ വഴി തിരുവല്ല കുരിശുകവലയിൽ എത്തിയാണ് കോട്ടയം, എറണാകുളം ഭാഗത്തേക്കു പോകുന്നത്.
അമ്പലപ്പുഴയിലൂടെ തിരുവല്ലയിൽ എത്തി തിരുവന്തപുരത്തേക്ക് പോകുന്നവരും ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിൽ എത്തി തിരുവനന്തപുരത്തേക്ക് പോകുന്നതിനും എംസി റോഡ് തിരഞ്ഞെടുക്കുന്നതോടെ അപകടങ്ങളും വർധിക്കുകയാണ്. കോടികൾ ചെലവഴിച്ചാണ് എംസി റോഡ് നേരത്തെ നവീകരിച്ചത്.
നിലവിൽ പലഭാഗത്തും നടപ്പാതകളും, കൈവരികളും തകർന്നു. വാഹനങ്ങൾ ഇടിച്ച് ഡിവൈഡറുകളും, സൂചന ബോർഡുകളും തകർന്നു.
വഴിവിളക്കുകളുടെ അഭാവമുണ്ട്.
പറന്തൽ–മാന്തുക ഒൻപതര കിലോമീറ്റർ അപകട മേഖല
എംസി റോഡിൽ പറന്തൽ–മാന്തുക ഒൻപതര കിലോമീറ്ററിനുള്ളിൽ അപകടങ്ങളും അപകടമരണങ്ങളും വർധിച്ചിട്ടും ശാസ്ത്രീയ പഠനമോ പരിശോധനയോ നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
19 വർഷത്തിനിടയിൽ ഈ മേഖലയിൽ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 173 ആയി വർധിച്ചു. ഇവരിൽ കുട്ടികളും സ്ത്രീകളുമുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം മരിച്ചത് 4 പേർ. ഇതുകൂടാതെ ഭാഗ്യം കൊണ്ട് മാത്രം മരണത്തിൽ നിന്നു രക്ഷപ്പെട്ടവരും ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരുമുണ്ട്.
റോഡ് വികസനത്തിനായി പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും മുൻപ് നടപ്പാക്കിയ പദ്ധതികളുടെ കരാർ പ്രകാരമുള്ള പരിപാലനം മിക്കയിടങ്ങളിലും നടപ്പാക്കുന്നില്ല.
കെഎസ്ടിപിക്കാണ് റോഡിന്റെ ചുമതല. എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരി പാതയായി പുനർനിർമിക്കുമെന്ന പ്രഖ്യാപനം ഇത്തവണത്തെ സംസ്ഥാന ബജറ്റിലുണ്ട്.
എന്നാൽ, ഏറ്റവുമൊടുവിൽ നടപ്പാക്കിയ എംസി റോഡ് നവീകരണ പദ്ധതിയുടെ ജോലികൾ ഇനിയും ബാക്കിയാണ്. പരിപാലനവും നടക്കുന്നില്ല.
അടൂർ–ചെങ്ങന്നൂർ റോഡ് നവീകരണം തുടങ്ങിയത് 2020ലായിരുന്നു. 2023ൽ പൂർത്തിയാക്കി.
5 വർഷമായിരുന്നു കരാർ പ്രകാരം പരിപാലന കാലാവധി. ഇതിൽ ഇനി രണ്ടര വർഷമാണ് ശേഷിക്കുന്നത്.
ഓട നിർമാണം ഉൾപ്പെടെ പൂർത്തിയായിട്ടില്ലെന്നതു മാത്രമല്ല, തകർന്ന കൈവരികൾ നന്നാക്കാനോ വഴിവിളക്കുകൾ പ്രകാശിപ്പിക്കാനോ നടപടിയില്ല.
കുരമ്പാലയും മാന്തുകയും ബ്ലാക്ക് സോണുകളാണ്.
ഈ ഭാഗത്ത് പോലും നിർമാണ ജോലികൾ ശേഷിക്കുന്നു. പല ഭാഗങ്ങളിലും ഓടയ്ക്ക് മൂടിയില്ല.
പരിപാലന കരാർ പ്രകാരം കൈവരികൾ തുടച്ചുവൃത്തിയാക്കുകയോ റോഡരികിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയോ മാത്രമാണ് നടക്കുന്നത്. കുരമ്പാല മൈനാപ്പള്ളിൽ ജംക്ഷനു സമീപം 5 മാസം മുൻപ് അപകടത്തിൽ തകർന്ന കൈവരി നടപ്പാതയിലേക്ക് പതിച്ചത് നീക്കാൻ നടപടിയില്ല.
പ്രധാന വില്ലൻ അമിതവേഗം തന്നെ
ഏറിയപങ്ക് അപകടങ്ങൾക്കും കാരണം അമിതവേഗമാണ്.
ഇതിനു കെഎസ്ആർടിസി, സ്വകാര്യവാഹനങ്ങൾ എന്ന വ്യത്യാസമില്ല. അപകടങ്ങൾ ആവർത്തിക്കുന്ന ഭാഗമാണെന്ന അറിവുള്ളവരും യാത്രാവേളയിൽ ജാഗ്രത പാലിക്കുന്നില്ല.
ഈ മാസം 10ന് കെഎസ്ആർടിസി ബസിടിച്ചു പന്തളം പൂഴിക്കാട് തിരുവാതിരയിൽ കെ.ബാബു മരിച്ച അപകടത്തിൽ കെഎസ്ആർടിസി ബസ് ദിശ തെറ്റി മറുവശത്തുകൂടി പോയ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ അപകടത്തിനിടയാക്കുന്ന വാഹനം റോഡ് നിയമം തെറ്റിച്ചതായി കാണാം.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണാവശ്യം
ബ്ലാക്ക് സോൺ ‘കടലാസിൽ’
തുടരെ അപകടങ്ങളാവർത്തിച്ചതോടെയാണ് അധികൃതർ കാരണം തേടി പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി കുളനടയിലെ മാന്തുക, പന്തളത്തെ കുരമ്പാല മേഖലകൾ ബ്ലാക്ക് സോണായി നിർണയിച്ചിരുന്നു.
ഇവിടെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പുതിയതായി നടപടികളൊന്നുമുണ്ടായില്ല.
ഈ മേഖലകളിൽ ഇപ്പോഴും അപകടങ്ങൾക്ക് കുറവില്ല.
മുത്തൂരും തിരക്കേറി
എംസി റോഡിലെ മുത്തൂർ ജംക്ഷനിൽ അടക്കം തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനു പുറമേ ഒരു കുഴി രൂപപ്പെട്ടതിനെ തുടർന്നു മാത്രം കുറ്റൂർ തോണ്ടറ പാലം അടച്ചിട്ടിരിക്കുകയാണ്.
പുതിയ പാലത്തിലൂടെ വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും ചെങ്ങന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നേരത്തെ പഴയ പാലത്തിലൂടെയാണ് അധികവും സഞ്ചരിച്ചിരുന്നത്. 2 ആഴ്ച മുൻപ് പുതിയ പാലത്തിൽ വാഹനാപകടം ഉണ്ടായപ്പോൾ ചെങ്ങന്നൂർ മുണ്ടൻകാവ് വരെ വാഹനങ്ങൾ കുടുങ്ങി കിടന്നു.
പിന്നീട് പാെലീസെത്തി പഴയ പാലം തുറന്നാണ് ഗതാഗതം സുഗമമാക്കിയത്. അതിന് ശേഷം പഴയ പാലം വീണ്ടും ഭാഗികമായി അടച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

