നെടുങ്കണ്ടം ∙ ഇരട്ടക്കൊലപാതക വാർത്തയുടെ ഞെട്ടലിലാണ് പച്ചടി – തോട്ടുവാക്കടവിലെ നാട്ടുകാർ. അധികമാരുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നില്ലെങ്കിലും റെജിയും സജിയും നാട്ടുകാർക്കിടയിൽ സുപരിചിതരായിരുന്നു.
അടുത്ത കൃഷിയിടങ്ങളിലും നെടുങ്കണ്ടത്തും ജോലി ചെയ്തിരുന്ന ഇരുവരും ശാന്ത സ്വഭാവക്കാരായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്. മൂന്നുവർഷങ്ങൾക്കു മുൻപ് പക്ഷാഘാതമുണ്ടായ മേരി പൊതുവേ വീടിന് പുറത്തിറങ്ങാറില്ലായിരുന്നു.
പൊന്നിട്ടയിൽ വീട്ടിൽ സംഭവിച്ചതെന്താണെന്നറിയാത്ത ഞെട്ടൽ പ്രദേശവാസികളുടെ വാക്കുകളിലുണ്ട്. മേരിക്കും റെജിക്കും എന്തെങ്കിലും സംഭവിച്ചിരിക്കാം എന്ന് സംശയിച്ചിരുന്നെങ്കിലും ഇത്തരത്തിൽ ദാരുണ സംഭവമായിരിക്കുമെന്ന് പ്രദേശവാസികൾ കരുതിയിരുന്നില്ല.
പൊലീസിനൊപ്പം നാട്ടുകാർ കൂടി ചേർന്നാണു പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ പൊലീസ് എത്തുമ്പോൾ തന്നെ പ്രദേശവാസികൾ വീടിനു സമീപം എത്തിയിരുന്നു. തൊട്ടുപിന്നാലെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതോടെ വിവരമറിഞ്ഞെത്തിയ നാട്ടുകാർ വീടിന് സമീപം നിറഞ്ഞു.
പ്രദേശത്താകമാനം നിറഞ്ഞ അസഹ്യമായ ദുർഗന്ധം വകവയ്ക്കാതെയാണു നാട്ടുകാർ തടിച്ചുകൂടിയത്. വീടിനു സമീപം കാടുപിടിച്ച നിലയിലാണ്.
ഏലക്കാടുകൾക്കിടയിൽ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക്, ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ എത്തിയ ശേഷം ഉച്ചയ്ക്ക് 1.45 ഓടെയാണു രണ്ടു മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്.
തുടർന്ന് അവശിഷ്ടങ്ങൾ മെഡിക്കൽ കോളജിലേക്കു മാറ്റുമ്പോഴും വാർത്തയറിഞ്ഞ് എത്തിയ ഒട്ടേറെയാളുകൾ മേഖലയിൽ തമ്പടിച്ചിരുന്നു.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് വളർത്തുനായയുടെ കൂടിന് സമീപം
ജീർണിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ തോട്ടുവാക്കടവിലെ പൊന്നിട്ടയിൽ വീട്ടിൽ നടന്ന സംഭവങ്ങൾക്കെല്ലാം മൂക സാക്ഷി വീട്ടിലെ വളർത്തുനായയാണ്. കുഴിച്ചിട്ട
നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും വളർത്തുനായയുടെ കൂടിന് സമീപത്തുനിന്നാണ്. പൊട്ടിപ്പൊളിഞ്ഞ കൂടിന് മുൻപിൽ കെട്ടിയിട്ടിരുന്ന നായ അന്വേഷണത്തിനെത്തിയ പൊലീസിനു നേരെയും കുരച്ചു ചാടിയിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥരാണു നായയെ കൂട്ടിലാക്കിയത്. പിന്നീട് വീട്ടിൽ നൂറുകണക്കിനാളുകൾ കൂടിയെങ്കിലും നായ നിശബ്ദനായിരുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകി
പച്ചടി- തോട്ടുവാക്കടവിൽ അമ്മയുടെയും മകന്റെയും എന്ന് കരുതുന്ന ഇരട്ട
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം വൈകിയെന്ന് പരാതി. അമ്മയെയും മകനെയും കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ആവശ്യമായ പരിശോധനയ്ക്കു കാലതാമസം വന്നത് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ്ങാണു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇളയ മകൻ സജിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിക്കുകയും ഞായറാഴ്ച വൈകിട്ടോടെ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഇതേസമയം ബാഗുമായി എത്തിയ സജി പൊലീസ് വാഹനം കണ്ടാണ് ഓടിപ്പോയതെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും സജിയെ കണ്ടെത്താനായില്ല. പിന്നീട് ഇന്നലെ രാവിലെ പൊലീസെത്തി നടത്തിയ പരിശോധനയിലാണു കൊലപാതക വാർത്ത നാട്ടുകാരറിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

