ഒറ്റപ്പാലം∙ നഗരത്തോടു ചേർന്ന ഈസ്റ്റ് ഒറ്റപ്പാലത്തു റോഡിൽ മണ്ണിടിച്ചിലുണ്ടായതിനു പിന്നാലെ രൂപപ്പെട്ട വൻ ഗതാഗതക്കുരുക്കും കൊടും ചൂടിലെ കടുത്ത യാത്രാദുരിതവും ചുരുങ്ങിയതു രണ്ടാഴ്ചയെങ്കിലും തുടരും.
പാലക്കാട്– കുളപ്പുള്ളി പ്രധാന പാതയിൽ കിഴക്കേ തോടിനു കുറുകെ പുതിയ പാലം നിർമാണത്തിനിടെ നിലവിലെ പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണിടിഞ്ഞതാണു തീരാദുരിതമായി മാറുന്നത്. നിലവിലെ പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന 2 വശങ്ങളിലും സംരക്ഷണ ഭിത്തികൾ നിർമിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ടു കിഴക്കുഭാഗത്തു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘട്ടത്തിലായിരുന്നു ശക്തമായ മണ്ണിടിച്ചിൽ.
ഇതോടെ റോഡ് വീതി കുറഞ്ഞു ഗതാഗതം ഒറ്റവരിയായി മാറി. ശനിയാഴ്ച വൈകിട്ടു റോഡ് ഇടിഞ്ഞതിനു പിന്നാലെ രൂപപ്പെട്ട
ഗതാഗതക്കുരുക്ക് ഇന്നലെ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടർന്നു. കുരുക്കിനു രാപകൽ വ്യത്യാസവുമില്ല.
പ്രധാനപാതയിൽ പലപ്പോഴും വാഹനങ്ങളുടെ നിര കിലോമീറ്ററുകളാണു നീളുന്നത്. ഇതു നഗരത്തിലെ ഇതര റോഡുകളിലും ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്നു.
നഗരപാതകളിൽ നിന്നു പ്രധാന പാതയിലേക്കു പ്രവേശിക്കാൻ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ബസുകൾ ഉൾപ്പെടെ എസി ഇല്ലാത്ത വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഇരുചക്ര വാഹനയാത്രക്കാരും അനുഭവിക്കുന്നതു സമാനതകളില്ലാത്ത യാത്രാദുരിതം.
ബസുകളുടെ സമയക്രമം പോലും തെറ്റുന്ന നിലയിലാണു കുരുക്ക്.
കിഴക്കു ഭാഗത്തെ സംരക്ഷണഭിത്തി നിർമാണത്തിനും പിന്നീട് ഇതു ബലപ്പെടാനുമായി രണ്ടാഴ്ചയെങ്കിലും സാവകാശം അനിവാര്യമാണെന്നാണു പിഡബ്ല്യുഡി (ബ്രിജസ്) വിഭാഗത്തിന്റെ വിശദീകരണം. ഇന്നലെ കെ.പ്രേംകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ ഗതാഗത ക്രമീകരണസമിതി ചേർന്നു സാഹചര്യങ്ങൾ വിലയിരുത്തിയപ്പോഴും ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കി.
മേയ് മൂന്നോടെ ഭിത്തി നിർമാണം പൂർത്തിയാക്കി നാലോ അഞ്ചോ ദിവസം ബലപ്പെടുന്നതിനു സാവകാശം നൽകാനാണു തീരുമാനം. 6 മീറ്റർ ഉയരത്തിൽ 11 മീറ്റർ നീളത്തിലാണു സംരക്ഷണഭിത്തി നിർമാണം.
ഈസ്റ്റ് ഒറ്റപ്പാലത്തെ തോടിനു കുറുകെ നിലവിലെ പാലത്തിനു സമാന്തരമായാണു പുതിയ പാലത്തിന്റെ നിർമാണം. 2 വർഷം പിന്നിട്ട
പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിനിടെയാണു മണ്ണിടിഞ്ഞു ഗതാഗതം സ്തംഭിച്ച പ്രതിസന്ധി. പുതിയ പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ ഇരു പാലങ്ങളും ഗതാഗതത്തിനു വിനിയോഗിക്കാനാണു പദ്ധതി.
വാഹനങ്ങൾ വഴിതിരിച്ചു വിടും
ഒറ്റപ്പാലം ∙ ലക്കിടി മംഗലത്തു നിന്നും വാണിയംകുളത്തു നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ഗതാഗത ക്രമീകരണ സമിതി യോഗത്തിൽ തീരുമാനം.
മംഗലം, മുളഞ്ഞൂർ, മുരുക്കുംപറ്റ, വരോട്, കോതകുറുശ്ശി, വാണിയംകുളം റൂട്ട് ഇന്നു മുതൽ ബദൽ പാതയായി പ്രയോജനപ്പെടുത്താനാണു ധാരണ. എല്ലാ കവലകളിലും വഴി കാണിച്ചു ബാനറുകൾ സ്ഥാപിക്കും.
അതേസമയം, ബസുകൾക്കും ഒറ്റപ്പാലം ടൗണിലേക്കുള്ള വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. ട്രാഫിക് ഡ്യൂട്ടിക്കു കൂടുതൽ പൊലീസിനെ വിട്ടുനൽകാൻ ആവശ്യപ്പെട്ടു കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും സമീപിച്ചതായി കെ.പ്രേംകുമാർ എംഎൽഎ അറിയിച്ചു.
എംഎൽഎയും സബ് കലക്ടർ അൻജീത് സിങ്ങും മണ്ണിടിഞ്ഞ ഭാഗം സന്ദർശിച്ചു. നഗരസഭാധ്യക്ഷ എം.കെ.ജയസുധ, ഉപാധ്യക്ഷൻ കെ.രാജേഷ് എന്നിവരും സ്ഥലം സന്ദർശിച്ചു.
പടിഞ്ഞാറു ഭാഗത്തും മണ്ണിടിച്ചിൽ സാധ്യത
∙ ഈസ്റ്റ് ഒറ്റപ്പാലത്തു നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണം തുടങ്ങുന്ന ഘട്ടത്തിലും മണ്ണിടിച്ചിൽ സാധ്യതയെന്നു വിലയിരുത്തൽ.
താരതമ്യേന വീതി കുറഞ്ഞ ഇവിടെ മണ്ണിടിഞ്ഞാൽ ഗതാഗതം പൂർണമായി മുടങ്ങുമെന്നാണ് ആശങ്ക. ഇതും ഗതാഗതക്രമീകരണ സമിതി ചർച്ച ചെയ്തു.
കിഴക്കു ഭാഗത്തു നിർമാണം പൂർത്തിയായി ഗതാഗതം പുനഃസ്ഥാപിച്ച ശേഷമാകും പടിഞ്ഞാറു ഭാഗത്തു സംരക്ഷണഭിത്തി നിർമാണം. മേയ് പത്തോടെ ഇതു തുടങ്ങിയേക്കും.
പടിഞ്ഞാറു ഭാഗം കഴിഞ്ഞ മഴക്കാലത്തും ഇടിഞ്ഞതാണ്. ഇവിടെ ഇരുമ്പു റെയിലുകളും തകര ഷീറ്റുകളും സ്ഥാപിച്ചു മണ്ണിട്ടു നികത്തിയാണ് അന്നു ഗതാഗതം പുനഃസ്ഥാപിച്ചിരുന്നത്.
ബസിൽ വിദ്യാർഥിനി കുഴഞ്ഞുവീണു
∙ ഈസ്റ്റ് ഒറ്റപ്പാലത്തു റോഡിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്തു ഗതാഗതക്കുരുക്കിൽപ്പെട്ട
സ്വകാര്യ ബസിൽ വിദ്യാർഥിനി കുഴഞ്ഞുവീണു. സൗത്ത് പനമണ്ണ സ്വദേശിനിയായ പതിനഞ്ചുകാരിയാണു നിർജ്ജലീകരണം അനുഭവപ്പെട്ടു കുഴഞ്ഞുവീണത്. കുട്ടിയെ ബസ് ജീവനക്കാർതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
പാലപ്പുറത്തു നിന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. തകരാറിലായി റോഡിൽ നിന്ന മറ്റൊരു ബസിൽ നിന്നുള്ള യാത്രക്കാർകൂടി, പതിനഞ്ചുകാരി യാത്ര ചെയ്തിരുന്ന ബസിൽ കയറിയിരുന്നു. ഇതോടെ തിരക്കേറിയ ബസ് ഇന്നലെ രാവിലെ പത്തരയോടെയാണു കുരുക്കിൽപ്പെട്ടത്.
10.50നു കുട്ടി കുഴഞ്ഞുവീണു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

