തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റതോടെ മുല്ലപ്പെരിയാർ വിഷയത്തിലെ തമിഴ്നാടിന്റെ നിലപാടുകൾ ഏറെ നിർണായകമാകുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും, കേരള–തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുമെന്നുമായിരുന്നു ടിവികെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ.
തേനി ജില്ലയിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ ഈ വാഗ്ദാനങ്ങൾക്കായി. ഇതിന്റെ അടിസ്ഥാനത്തിൽ, മത്സരിച്ച നാലു മണ്ഡലങ്ങളിൽ രണ്ടിടത്ത് വിജയിക്കാൻ ടിവികെയ്ക്ക് സാധിച്ചു.
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് ഡിഎംകെയും എഐഎഡിഎംകെയും നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, കർഷകരുടെ വിശ്വാസം നേടിയെടുക്കാൻ ടിവികെയ്ക്കായി. മുൻ സർക്കാരുകളെപ്പോലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് ഇല്ലെന്നും തമിഴ്നാടിന്റെ നിയമപരമായ അവകാശം നേടിയെടുക്കുമെന്നുമായിരുന്നു ടിവികെ നേതാക്കൾ നൽകിയ ഉറപ്പ്.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ പരാജയപ്പെട്ടുവെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനും അവർക്ക് സാധിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ അതിർത്തിയിൽ റോഡ് ഉപരോധം ഉൾപ്പെടെ പതിവായി സംഘടിപ്പിക്കുന്ന കമ്പം മേഖലയിലെ കർഷക സംഘടനകളുടെ പിന്തുണ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ടിവികെയ്ക്കു ലഭിച്ചിരുന്നു.
വിജയിച്ചാൽ മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം കാണുന്നതിനു പ്രഥമ പരിഗണന നൽകുമെന്നാണ് സംഘടനകൾക്കു ടിവികെ സ്ഥാനാർഥികൾ നൽകിയ ഉറപ്പ്. വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന മംഗളാദേവി കണ്ണകി ക്ഷേത്രം എല്ലാ ദിവസവും തുറക്കുമെന്ന വാഗ്ദാനവും വലിയ ചർച്ചയായി.
ക്ഷേത്രം നവീകരിക്കും, അവിടേക്കുള്ള റോഡ് നിർമിക്കും, ക്ഷേത്രം തുറക്കുന്ന ചിത്രാപൗർണമി ഉത്സവത്തിന് കൂടുതൽ പേരെ കടത്തിവിടും എന്നൊക്കെയായിരുന്നു മറ്റു പാർട്ടികളുടെ വാഗ്ദാനം. തമിഴ് ജനത തങ്ങളുടെ സാംസ്കാരിക അവകാശമായി കാണുന്ന ക്ഷേത്രം തുറക്കുമെന്ന പ്രഖ്യാപനം വോട്ടർമാർ വൈകാരികമായാണ് സ്വീകരിച്ചത്.
നിലവിൽ തേനി–ഇടുക്കി ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായാണ് ഇവിടെ ഉത്സവം നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

