തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെയും തൃശൂർ പുത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡിലെ (കെഎൽഡിബി) ഫാമിലേക്ക് മാറ്റി. മൂന്നു ദിവസം മുൻപാണ് ഇവയെ ഫാമിലേക്ക് കൊണ്ടുപോയത്.
ക്ലിഫ് ഹൗസിലേക്ക് പശുക്കളെ നൽകിയിരുന്നത് കെഎൽഡിബിയായിരുന്നു. തിരികെ നൽകാൻ ക്ലിഫ് ഹൗസിൽ പശുക്കളുടെ ചുമതലയുള്ളവർ സന്നദ്ധത അറിയിച്ചതോടെയാണ് കെഎൽഡിബി ജീവനക്കാരെത്തി ഇവയെ കൊണ്ടുപോയത്.
വെച്ചൂർ, ജഴ്സി, ഹോൾസ്റ്റീൻ സങ്കര ഇനത്തിൽപ്പെട്ടവയാണ് ഈ പശുക്കൾ. നേരത്തെ, ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപ ചെലവഴിച്ചു തൊഴുത്തു നിർമിച്ചത് വിവാദമായിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞു വാടകവീട്ടിലേക്ക് താമസം മാറി. ബേക്കറി ജംക്ഷനിൽ റിസർവ് ബാങ്കിനു പിന്നിലുള്ള പാരിഷ് റോഡിൽ നിംസ് ആശുപത്രിക്കു സമീപത്തെ വീട്ടിലേക്കാണ് താമസം മാറ്റിയത്.
ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഈ വീട് അഞ്ചു വർഷത്തേക്കു പാട്ടത്തിന് എടുത്തതാണെന്നാണ് വിവരം. ആറിലധികം കാറുകൾ പാർക്കു ചെയ്യാവുന്ന വിശാലമായ മുറ്റം ഉൾപ്പെടെയുള്ള ഇരുനില വീടാണിത്.
ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ, മരുമകനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവരും ഇവിടെ താമസിക്കും എന്നാണറിവ്. ഡൽഹിയിൽ പൊളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞ് ഇന്നലെ വൈകിട്ടു പിണറായി വിജയൻ ഈ വീട്ടിലേക്കെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു. ക്ലിഫ് ഹൗസിൽ പിണറായിക്കും കുടുംബത്തിനും സ്വന്തമായുണ്ടായിരുന്ന സാധന സാമഗ്രികൾ ഇവിടേക്കു കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിയിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിച്ച സമ്മാനങ്ങളും മറ്റും പാർട്ടി ഓഫിസുകളിലേക്ക് നൽകി. എകെജി സെന്ററിൽ ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്.
ഈ ഫ്ലാറ്റും പിണറായി ഉപയോഗിച്ചേക്കും. പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ കന്റോൺമെന്റ് ഹൗസിലേക്ക് പിണറായി താമസം മാറും.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവാകുന്നതിനു തൊട്ടുമുൻപ് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

