കേരളത്തിൽ വിവിധ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരണപ്പെട്ടതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, 22 പേർക്ക് എലിപ്പനിയും 15 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു.
കൂടാതെ, ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 13,747 പേർ പനി ബാധിതരായി ചികിത്സയിലുണ്ട്.
നിപ പ്രതിരോധം: നിരീക്ഷണത്തിൽ മാറ്റങ്ങൾ
നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട, 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ സമ്പർക്കപ്പട്ടികയിൽ ഉള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട
14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട
75 പേർ ആരോഗ്യ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്.
രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 51 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇന്ന് നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ കൺട്രോൾ റൂമിൽ സംശയ നിവാരണത്തിനായി 91 ഫോൺവിളികളാണ് എത്തിയത്.
മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 125 പേർക്ക് കൗൺസിലിംഗ് സേവനവും ഉറപ്പാക്കി. ഷിഗെല്ല വ്യാപനം: കണക്കുകൾ
സംസ്ഥാനത്ത് ഇന്ന് 15 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
കോഴിക്കോട്-8, മലപ്പുറം-3, വയനാട്-2, കണ്ണൂർ-1, കൊല്ലം-1 എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം 165 പേർക്കാണ് ഷിഗെല്ല ബാധിച്ചത്; 6 പേർ മരണപ്പെട്ടു.
ഈ വർഷം ഇതുവരെ 241 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ കോഴിക്കോട് (57), വയനാട് (22), തൃശൂർ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

