പിറവം ∙ തെരുവുനായ്കൾക്കു പുറമേ മേഖലയിൽ കുറുനരികളും അക്രമകാരികളാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ. റബർതോട്ടങ്ങളും വിജനമായ ഭൂമിയും ഏറെയുള്ള കിഴക്കൻ മേഖലയിൽ കുറുനരികളുടെ ശല്യം വ്യാപകമാണ്.
കഴിഞ്ഞ ദിവസം വൈകിട്ടു ഊരമന ഭാഗത്തു കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്കു പരുക്കേറ്റു. കടുവക്കാട്ട് ബേബി (70) ഭാര്യ സാറാമ്മ(68), സമീപവാസി കൂവയ്ക്കൽ രാജു (67) എന്നിവർക്കാണു കടിയേറ്റത്.
ആടുകൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ ഇവ ആക്രമിക്കുന്നുണ്ട്. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
മാറാടി, പാമ്പാക്കുട പഞ്ചായത്തുകൾക്ക് അതിരിടുന്ന പ്രദേശമാണിത്.
വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന രാജുവിനാണ് ആദ്യം കടിയേറ്റത്. ഇവിടെ നിന്നു ഓടിയ കുറുനരി വീടിന്റെ പിൻഭാഗക്കു നിൽക്കുകയായിരുന്ന സാറാമ്മയെയും രക്ഷിക്കാൻ എത്തിയ ബേബിയെയും കടിച്ചു മുറിവേൽപ്പിച്ചതിനു ശേഷം പുറത്തിറങ്ങി.
ഇവർ ബഹളം വച്ചതോടെ കുറുനരി ഓടി സമീപത്തുള്ള കൂവയ്ക്കൽ രവിയുടെ വീട്ടിലെത്തി.
നാട്ടുകാർ സംഘടിച്ചതോടെ ഓടി മറിഞ്ഞു. നേരത്തെ മനുഷ്യ സാമീപ്യം അനുഭവപ്പെട്ടാൽ ഓടി ഒളിച്ചിരുന്ന കുറുനരികൾ, അടുത്തിടെയായി വളർത്തു മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി.
കാട്ടുപൂച്ച, ഉടുമ്പ് എന്നിവയും കോഴികൾ ഉൾപ്പെടെ വളർത്തു ജീവികളെ കൊലപ്പെടുത്തുന്നുണ്ട്. ഇതിനു പിന്നാലെയാണു കുറുനരികളും ദുരിതം സൃഷ്ടിക്കുന്നത്.
വളർത്തു മൃഗങ്ങളെ കുറുനരി ആക്രമിക്കുന്നതിനുള്ള സാധ്യത ക്ഷീരകർഷകരെയും ആശങ്കയിലാക്കുന്നുണ്ട്.
പാടത്തും തുറന്ന സ്ഥലത്തും പശുക്കളെ മേയാൻ വിടുന്ന കർഷകർ ഇൗ ഭാഗത്ത് ഉണ്ട്. നേരത്തെ ഉൗരമന പാത്തിക്കൽ ഭാഗത്തു കുറുനരി ആളുകളെ ആക്രമിച്ചിരുന്നു.
പാമ്പാക്കുട പിറമാടം ഭാഗത്തും ആക്രമണം ഉണ്ടായി.
വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവിയാണ് ഇവ. കുറുനരി ശല്യം നിയന്ത്രിക്കുന്നതിനു വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നു പഞ്ചായത്ത് ഭരണസമിതി അംഗം യു.ബിജു ആവശ്യപ്പെട്ടു.
‘രക്തം നിലയ്ക്കാതെ വന്നത് ആശങ്കയ്ക്കിടയാക്കി’
‘ഹൃദ്രോഗത്തിനു മരുന്നു കഴിക്കുന്ന ആളാണു ഞാൻ.
കുറുനരി കാലിനു മുട്ടിനു താഴെ കടിച്ചതോടെ രക്തം നിലയ്ക്കാതെ വാർന്നത് ആശങ്കയ്ക്കിടയാക്കി’. ഊരമനയിൽ കുറുനരിയുടെ ആക്രമണത്തിനിരയായ 70 വയസ്സുള്ള കടുവക്കാട്ട് ബേബി ഭീതിയോടെ പറഞ്ഞു.
സമീപവാസിയായ രാജുവിനാണ് ആദ്യം കടിയേറ്റത്. പിന്നാലെ ഞങ്ങളുടെ വീട്ടു പരിസരത്തേക്ക് കുറുനരി ഓടിയെത്തി.
മുറ്റത്തു നിന്ന ഭാര്യ സാറാമ്മയെ ആദ്യം ആക്രമിച്ചു ബഹളം കേട്ടാണു ഞാൻ വീടിനു പുറത്തേക്ക് എത്തിയത്. കൈവശം ഉണ്ടായിരുന്ന വടി ഉപയോഗിച്ചു കുറുനരിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നരി ചാടി കടിക്കുകയായിരുന്നു.
പേ വിഷ ബാധ ഭീതിയിൽ സ്വകാര്യ ആശുപത്രിയിലാണു വാക്സിനേഷനു പോയത്. ഇനിയും 4 തവണ കൂടി കുത്തിവയ്പു കൂടി വേണ്ടി വരുമെന്നാണു ഡോക്ടർ പറഞ്ഞത്.
സാധാരണക്കാർക്കു താങ്ങാനാവാത്ത നിരക്കാണു വാക്സീനു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

