ആലപ്പുഴ∙ 40–ാം വിവാഹ വാർഷികം ആഘോഷിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഭാര്യ അനിതയും. ഭാര്യയ്ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പും രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
മനസിലാക്കലും ക്ഷമയും സ്ഥൈര്യവുമാണ് തന്റെ വിവാഹ ജീവിതത്തെ മുന്നോട്ട് നയിച്ചതെന്ന് ചെന്നിത്തല കുറിച്ചു. അബിൻ വർക്കി, വി.ടി.
ബൽറാം തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ രമേശ് ചെന്നിത്തലയ്ക്ക് ആശംസകൾ അറിയിച്ചെത്തി.
രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പ്
നാലു പതിറ്റാണ്ടുകൾ ഒരു മനുഷ്യായുസിൽ നിസ്സാരമായ ഒരു കാലയളവല്ല. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾ പരസ്പരം കെട്ടിപ്പിണഞ്ഞ് ഇണപിരിയാത്തവണ്ണം ഒറ്റവൃക്ഷമാകാൻ ഈ നാൽപതു വർഷങ്ങൾ ധാരാളം.
ഒരാളുടെ ത്യാഗങ്ങൾ മറ്റൊരാളുടെ വസന്തമാകുന്നു. ഒരാളിന്റെ കറയറ്റ സ്നേഹം മറ്റെയാൾക്കു വേരുപടലങ്ങളാകുന്നു.
അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാൽപതു വർഷങ്ങൾ തികയുന്നു. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾക്ക് എങ്ങനെ പരസ്പര പൂരകമാകാൻ കഴിയും എന്നെനിക്കു മനിസിലാക്കിത്തന്നത് എന്റെ തന്നെ ജീവിതമാണ്.
ഞാൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ.
അവളായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും. ഞങ്ങൾ ഒരേ സിംഫണിയിലെ ശ്രുതികളായിത്തന്നെയൊഴുകി എന്നതാണ് ഞങ്ങളുടെ നാല് പതിറ്റാണ്ടുകളെ മധുരമാക്കുന്നത്.
വിവാഹ ജീവിതത്തിലേക്കു കടന്നെത്തുന്ന ഒരു പെൺകുട്ടി സാധാരണ പ്രതീക്ഷിക്കുന്ന പല നിമിഷങ്ങളും ഞങ്ങൾക്ക് നഷ്ടമായിട്ടുണ്ട്.
ഒരു പക്ഷേ അവൾ അത് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആ മനസിലാക്കലും ക്ഷമയും സ്ഥൈര്യവുമാണ് ഞങ്ങളുടെ ജീവിതത്തെ ഇത്രമാത്രം മുന്നോട്ട് നയിച്ചത്.
ഈ മനോഹരദിവസം ഒപ്പം അമ്മയില്ലല്ലോ എന്ന വേദന കരൾ കടയുന്നുണ്ട്. പക്ഷേ മറ്റേതോ ലോകത്ത് അച്ഛനരികിലിരുന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകണം.
അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവരുടെ അനുഗ്രഹങ്ങളാണ് ഞങ്ങളുടെ പാതകളെ മധുരമാക്കുന്നത്.
നന്ദിയുണ്ട് ഒരുപാട്.
അനിതയോട്…. മനസിലാക്കലുകൾക്ക്, താങ്ങായി നിന്നതിന്, ഒപ്പം നടന്നതിന്, കൈപിടിച്ചതിന്, എന്റെ വസന്തവും സംഗീതവുമായതിന്!
പ്രിയപ്പെട്ട
അനിതയ്ക്ക് വിവാഹവാർഷികാശംസകൾ! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

