കൊച്ചി∙ മീൻ ചെതുമ്പലിൽ നിന്ന് എല്ലിന്റെയും പല്ലിന്റെയും പരുക്കുകൾ വേഗം ഭേദമാക്കാൻ സഹായിക്കുന്ന നാനോ ഫൈബർ ഗ്രാഫ്റ്റ് മെറ്റീരിയൽ വികസിപ്പിച്ച് ശാസ്ത്രജ്ഞർ. മത്സ്യ അവശിഷ്ടങ്ങൾക്ക് ആരോഗ്യ മേഖലയിൽ വൻ സാധ്യതകൾ തുറക്കുന്നതാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട്) നേതൃത്വത്തിലുള്ള ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തൽ.
പ്രതിവർഷം രാജ്യത്തുണ്ടാകുന്ന 40- 60 ലക്ഷം ടൺ മത്സ്യമാലിന്യത്തിൽ കുറച്ചുഭാഗം മത്സ്യത്തീറ്റയ്ക്ക് ഉപയോഗിച്ച് ബാക്കി ഉപേക്ഷിക്കുകയാണ് പതിവ്.
എന്നാൽ ഇതിലുൾപ്പെട്ട കൊളാജെനും കാൽസ്യം സംയുക്തങ്ങളും ജീവ കോശങ്ങളിൽ മാറ്റം വരുത്താൻ കഴിവുള്ള ബയോ ആക്ടീവ് തന്മാത്രകളും പ്രയോജനപ്പെടുത്താം എന്നതാണു കണ്ടെത്തൽ.
മനുഷ്യന്റെ എല്ലിനോടും പല്ലിന്റെ ഇനാമലിനോടും സാമ്യമുള്ള ഹൈഡ്രോക്സിആപ്പറ്റൈറ്റിന്റെ പ്രധാന ഉറവിടമാണു മീൻ ചെതുമ്പൽ.
നൂതന ഇലക്ട്രോ-സ്പിന്നിങ് പ്രക്രിയയിലൂടെ ഇതിനെ നേർത്ത നാനോ ഫൈബർ ആക്കും. പരമ്പരാഗത ഗ്രാഫ്റ്റ് സാമഗ്രികളിൽ നിന്നു വ്യത്യസ്തമായി ഈ നാരുകൾ ടിഷ്യു വളർച്ചയെ സഹായിക്കും.
അണുബാധയും നീർവീക്കവും തടഞ്ഞ് വേഗത്തിൽ മുറിവുണക്കാനും സഹായിക്കുന്നതിനാൽ ഡെന്റൽ, ഓർത്തോപീഡിക് ശസ്ത്രക്രിയകളിൽ ഉപയോഗിക്കാം.
സിഫ്ട് സീനിയർ സയന്റിസ്റ്റ് ഡോ.പി.കെ.ബിൻസിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജും പുഷ്പഗിരി ഡെന്റൽ കോളജുമായി സഹകരിച്ചായിരുന്നു പഠനം.
സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പേരിൽ പേറ്റന്റും നേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

