കൊച്ചി ∙ എറണാകുളം സൗത്ത് (ജംക്ഷൻ) റെയിൽവേ സ്റ്റേഷൻ പുനർനവീകരണത്തിനുള്ള പുതിയ കരാർ സ്ഥാപനത്തെ അടുത്ത ആഴ്ച അറിയാം. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും.
സ്റ്റേഷൻ നവീകരണത്തിനുള്ള റീ ടെൻഡർ നടപടിയിൽ പങ്കെടുത്ത 6 കരാറുകാരെയാണ് വിലയിരുത്തുന്നത്. റെയിൽവേ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം കമ്പനികളുടെ സാങ്കേതിക യോഗ്യത വിലയിരുത്തുന്നുണ്ട്.
ഇതിനാണ് സമയം കൂടുതലെടുക്കുക. ഈ മാസം തന്നെ ടെൻഡർ ഉറപ്പിക്കാവുന്ന രീതിയിൽ ചുരുക്കപ്പട്ടികയുടെ പ്രവർത്തനം നടക്കുന്നതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചിരുന്നു.
പുനർവികസനത്തിനുള്ള തുടർ നടപടികൾ വൈകരുതെന്ന് ഹൈബി ഈഡൻ എംപി ഉൾപ്പെടെ ആവശ്യപ്പെടുന്നുമുണ്ട്.
യോഗ്യരായ പുതിയ കരാർ സ്ഥാപനത്തെ നിശ്ചയിച്ച്, അവശേഷിക്കുന്ന നിർമാണ ജോലികൾ വേഗം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതിനായി അധികൃതർക്കു മേൽ വിവിധയിടങ്ങളിൽ നിന്നു സമ്മർദമുണ്ട്.സൗത്ത് സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കാനുള്ള കരാർ റെയിൽവേ നിർമാണ വിഭാഗം മാസങ്ങൾക്കു മുൻപാണു റദ്ദാക്കിയത്.
നിർമാണത്തിന്റെ ആദ്യഘട്ടം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്താതെ വന്നതോടെയാണ് ബ്രിജ് ആൻഡ് റൂഫ് എന്ന കമ്പനിയുടെ കരാർ റദ്ദാക്കിയത്.
ഓഗസ്റ്റിൽ പൂർത്തിയാകേണ്ട പദ്ധതി ഇഴഞ്ഞതോടെ യാത്രക്കാർ ദുരിതത്തിലാണ്.
കൃത്യമായ ഏകോപനമില്ലാതെ സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിച്ചതും പ്രശ്നമായി.
കഴിഞ്ഞ ദിവസം രാവിലെയുണ്ടായ മഴയിൽ സൗത്ത് സ്റ്റേഷനു മുന്നിലുണ്ടായ കനത്ത വെള്ളക്കെട്ടിലൂടെ യാത്രക്കാർ കഷ്ടപ്പെട്ടാണ് യാത്ര ചെയ്തത്. നിർമാണ ജോലിക്കായി സ്റ്റേഷനു മുന്നിൽ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കി, സ്റ്റേഷനു തൊട്ടുമുന്നിലെ പാത വൃത്തിയാക്കിയെങ്കിലും വെള്ളവും ചെളിയും നിറയുന്നത് ഇപ്പോഴും പ്രശ്നമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

