കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ മിന്നുന്ന വിജയവുമായി ട്രിവാൺഡ്രം റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് റോയൽസ് സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
പുറത്താകാതെ 65 റൺസ് വാരിയ വിഷ്ണു വിനോദ് ആണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. സ്കോര്: ഏരീസ് കൊല്ലം സെയിലേഴ്സ് – 20 ഓവറിൽ 126/7, ട്രിവാൺഡ്രം റോയൽസ് 17.1 ഓവറിൽ 127/3.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്ലം നിരയ്ക്ക് മുൻനിര ബാറ്റർമാരുടെ മോശം പ്രകടനമാണ് തിരിച്ചടിയായത്. ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ അരുൺ പൗലോസിനെ ടീമിന് നഷ്ടമായി.
പിന്നാലെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് (9), മികച്ച ഫോമിലായിരുന്ന അഭിഷേക് ജെ നായർ (11), ആനന്ദ് കൃഷ്ണൻ (10) എന്നിവരും പെട്ടെന്ന് പുറത്തായതോടെ സെയിലേഴ്സ് പ്രതിരോധത്തിലായി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അജിനാസ് – അർജുൻ വേണുഗോപാൽ സഖ്യമാണ് ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
ഇരുവരും ചേർന്ന് 29 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തി സിജോമോൻ ജോസഫ് റോയൽസിന് നിർണായക ബ്രേക്ക്ത്രൂ നൽകി.
അജിനാസ് 22 റൺസും അർജുൻ വേണുഗോപാൽ 17 റൺസും എടുത്തു. ടൂർണമെന്റിൽ തന്റെ ആദ്യ മത്സരം കളിച്ച ഷറഫുദ്ദീന്റെ തകർപ്പൻ ബാറ്റിങ്ങാണ് ടീം സ്കോർ 126-ൽ എത്തിച്ചത്.
നേരിട്ട 20 പന്തിൽ രണ്ട് ഫോറും നാല് സിക്സും സഹിതം 39 റൺസുമായി ഷറഫുദ്ദീൻ പുറത്താകാതെ നിന്നു.
അവസാന ഓവറിൽ മാത്രം മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 23 റൺസാണ് താരം അടിച്ചുകൂട്ടിയത്. റോയൽസിനായി സിജോമോൻ ജോസഫും രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കൊല്ലം ബൗളർമാർ പ്രതീക്ഷ നൽകിയിരുന്നു. അഭിഷേക് പി നായർ (12) എ ജി അമലിന്റെ പന്തിലും, കൃഷ്ണപ്രസാദ് (1) പവൻ രാജിന്റെ പന്തിൽ എൽബിഡബ്ല്യു ആയും, ഗോവിന്ദ് ദേവ് പൈ (1) പുറത്തായതോടെ റോയൽസ് 21 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി തകർന്നു.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. ഇരുവരും ചേർന്ന് പുറത്താകാതെ 106 റൺസിന്റെ മാന്ത്രിക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
17 പന്തുകൾ ബാക്കിനിൽക്കെ റോയൽസ് വിജയം ഉറപ്പിച്ചു. വിഷ്ണു വിനോദ് 65 റൺസും സിജോമോൻ ജോസഫ് 37 റൺസുമായി പുറത്താകാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

