പയ്യന്നൂരിൽ സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം കടുത്ത ഭീഷണിസ്വരം ഉൾക്കൊള്ളുന്നതാണെന്ന് വ്യക്തമാക്കി വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ രംഗത്ത്. പാർട്ടിയുടെ ഉയർന്ന നേതൃത്വം ഇപ്പോഴും ഇത്തരം ഭീതിപ്പെടുത്തുന്ന സമീപനവുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പൊതുജനം പ്രധാനമായും പ്രതീക്ഷിച്ചിരുന്നത് ടി.വീണയുടെ മാസപ്പടി പോലുള്ള അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തുമെന്നായിരുന്നു. എന്നാൽ അത്തരം വിഷയങ്ങളെക്കുറിച്ച് യാതൊരുവിധ വിശദീകരണവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി കേന്ദ്ര-സംസ്ഥാന കമ്മറ്റികൾ നടത്തിയ വിലയിരുത്തലുകളെ പോലും പൂർണ്ണമായും തള്ളിക്കളയുന്ന തരത്തിലുള്ള നിലപാടാണ് മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും പ്രസംഗങ്ങളിൽ സ്വീകരിച്ചത്. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയ ദിവസം മുതൽ താൻ ഉന്നയിക്കുന്ന നിലപാടുകളിൽ ഇന്നുവരെയും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം പയ്യന്നൂരിൽ സംഘടിപ്പിച്ചതിനു സമാനമായ രീതിയിൽ രാഷ്ട്രീയ പൊതുയോഗം നടത്തി ദിവസങ്ങൾക്കകമാണ് ടി.പി.ചന്ദ്രശേഖരൻ ക്രൂരമായി കൊല്ലപ്പെട്ടതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വി.കുഞ്ഞിക്കൃഷ്ണൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ടി.പിയോട് ചെങ്കൊടി താഴ്ത്താൻ ആവശ്യപ്പെട്ട് സി.പി.എം നേതാവ് പരസ്യമായി പ്രസംഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ആ കൊലപാതകം നടപ്പിലായത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാർട്ടി കേന്ദ്രകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ അവശേഷിച്ചിരുന്ന നേരിയ പ്രതീക്ഷ പോലും ഇതിലൂടെ പൂർണ്ണമായും അവസാനിച്ചതായി കുഞ്ഞിക്കൃഷ്ണൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. യാതൊരുവിധ തിരുത്തലുകൾക്കും പാർട്ടി തയ്യാറല്ലെന്നും മറിച്ച് തെറ്റുപറ്റിയത് ജനങ്ങൾക്കാണെന്നു വരുത്തിതീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേതൃത്വത്തിന്റെ ഇത്തരം നിലപാടുകളെ തിരുത്താൻ ശ്രമിക്കുന്ന അണികളെ ഇനിയെങ്കിലും അവഗണിച്ചാൽ, അതേ അണികൾ തന്നെ നേതൃത്വത്തെ ചോദ്യം ചെയ്യുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. സി.എം.ആർ.എൽ അഴിമതിയുമായി ബന്ധപ്പെട്ട
രേഖകളും തെളിവുകളും പുറത്തുവന്നിട്ടും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറാകാത്ത മുഖ്യമന്ത്രി, തന്റെ കൈകൾ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും വീമ്പ് പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു. തന്റെ രാഷ്ട്രീയ വിധേയത്വം ഒരിക്കലും ഏതെങ്കിലും നേതാക്കൾക്കായിരുന്നില്ലെന്നും മറിച്ച് ആശയങ്ങളോടും സത്യത്തോടും മാത്രമായിരുന്നുവെന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
ഈ നാട്ടിലെ സാധാരണ ജനങ്ങളാണ് പയ്യന്നൂരിൽ സി.പി.എമ്മിനെതിരെ വിധിയെഴുതിയത്. കായികമായി എതിരാളികളെ അമർച്ച ചെയ്യാനും ഭീഷണിപ്പെടുത്താനുമാണ് പാർട്ടി ശ്രമിച്ചത്.
അതിന്റെ കൃത്യമായ ഫലമാണ് തിരഞ്ഞെടുപ്പിൽ നേരിട്ട വൻപരാജയം.
എന്നിട്ടും പാർട്ടിയുടെ അഹങ്കാരത്തിനും സ്വജനപക്ഷപാതത്തിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

