കാക്കനാട്∙ കൂറുമാറ്റവും അധികാരത്തിനായുള്ള കസേരകളിയും ഇത്രയേറെ അരങ്ങേറിയ മറ്റൊരു നഗരസഭ സംസ്ഥാനത്ത് ഉണ്ടാകാനിടയില്ല. 15 വർഷം മുൻപ് നിലവിൽ വന്ന തൃക്കാക്കര നഗരസഭ ഇതുവരെ ഭരിച്ചത് 15 അധ്യക്ഷർ.
8 ചെയർമാൻമാരും 7 ആക്ടിങ് ചെയർമാൻമാരും. ഗ്രൂപ്പ് പോരും ചാക്കിട്ടു പിടിത്തവും മൂലം തൃക്കാക്കരയിലെ ഒരു ചെയർമാനും 5 വർഷം തികച്ചു ഭരിക്കാനുള്ള ഭാഗ്യം കിട്ടിയില്ല. വരുമാനത്തിൽ സംസ്ഥാനത്തു തന്നെ ഒന്നാമത്തെ മുനിസിപ്പിലാറ്റിയാണു സ്മാർട് സിറ്റിയും ഇൻഫോപാർക്കും ജില്ലാ ഭരണകേന്ദ്രവും ഉൾപ്പെടുന്ന തൃക്കാക്കര.
കൂറുമാറാനും കൂറുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കാനും യുഡിഎഫും എൽഡിഎഫും മത്സരിച്ചതോടെ ഭരണമാറ്റം തുടർക്കഥയായി.
വികസനത്തിൽ പിന്നോട്ടടിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇരു മുന്നണികൾക്കുമുണ്ട്. 2010ൽ നഗരസഭ രൂപം കൊണ്ടപ്പോൾ കോൺഗ്രസിലെ പി.ഐ.മുഹമ്മദാലി ആദ്യ ചെയർമാനായി.
പാർട്ടിയിലെ ധാരണ പ്രകാരം 2013ൽ അദ്ദേഹം രാജിവച്ചപ്പോൾ മുസ്ലിം ലീഗിലെ ഷെറീന ഷുക്കൂർ ആക്ടിങ് അധ്യക്ഷയായി. പിന്നീട് കോൺഗ്രസിലെ ഷാജി വാഴക്കാല ചെയർമാൻ പദവിയിലെത്തി.
ഒരു വർഷം കഴിഞ്ഞു അദ്ദേഹത്തിനും രാജി വയ്ക്കേണ്ടി വന്നു. വീണ്ടും ഷെറീന ആക്ടിങ് അധ്യക്ഷ.
ഒരു മാസത്തിനകം പി.ഐ.മുഹമ്മദാലി വീണ്ടും അധ്യക്ഷ പദവിയിലെത്തി. 2015ൽ നഗരസഭ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മിലെ കെ.കെ.നീനു അധ്യക്ഷയായി.
2018ൽ നീനുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയപ്പോൾ കോൺഗ്രസിലെ മേരി കുര്യൻ ആക്ടിങ് അധ്യക്ഷ പദവിയിലെത്തി.
ഒരു മാസത്തിനു ശേഷം കോൺഗ്രസിലെ തന്നെ എം.ടി.ഓമന അധ്യക്ഷയായി. 6 മാസത്തിനകം അവിശ്വാസ പ്രമേയത്തിലൂടെ ഓമന പുറത്തായപ്പോൾ മേരി കുര്യൻ വീണ്ടും ആക്ടിങ് അധ്യക്ഷയായി.
അടുത്ത മാസം കോൺഗ്രസിൽ നിന്നു കൂറുമാറിയ ഷീല ചാരു എൽഡിഎഫ് പിന്തുണയോടെ അധ്യക്ഷ പദവിയിലെത്തി. 10 മാസം കഴിഞ്ഞപ്പോൾ ഷീല അയോഗ്യയായി രാജി വച്ചു.
സിപിഎമ്മിലെ കെ.ടി.എൽദോ ആക്ടിങ് അധ്യക്ഷനായി.
ഒരു മാസം കഴിഞ്ഞു സിപിഎമ്മിലെ തന്നെ ഉഷ പ്രവീൺ അധ്യക്ഷ പദവിയിലെത്തി. 2020ലെ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിലെ അജിത തങ്കപ്പൻ അധ്യക്ഷയായി.
ഗ്രൂപ്പു വീതം വയ്ക്കലിനെ തുടർന്നു രണ്ടര വർഷത്തിനു ശേഷം അജിത രാജി വച്ചപ്പോൾ ലീഗിലെ എ.എ.ഇബ്രാഹിംകുട്ടി ആക്ടിങ് അധ്യക്ഷനായി. ഇബ്രാഹിംകുട്ടിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയപ്പോൾ കോൺഗ്രസിലെ സ്മിത സണ്ണി ആക്ടിങ് അധ്യക്ഷയായി.
ഇതിനു ശേഷമാണ് ഇപ്പോഴത്തെ അധ്യക്ഷ രാധാമണി പിള്ള പദവിയിലെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

