കുറവിലങ്ങാട് ∙ കിട്ടിയ സമയത്തിനു 10 വീട് കയറാമെന്ന് കരുതിയപ്പോൾ പെരുമഴ. കുറവിലങ്ങാട് മേഖലയിൽ ഇന്നലെ പെയ്ത കനത്തമഴ സ്ഥാനാർഥികളുടെ പ്രചാരണത്തെ ബാധിച്ചു.
മത്സരരംഗത്ത് സ്ഥാനം ഉറപ്പിച്ചവർ ആദ്യഘട്ട ഭവനസന്ദർശനത്തിന്റെ തിരക്കിലാണ്. ഒരു പഞ്ചായത്ത് വാർഡിൽ 900 മുതൽ 1200 വരെയാണ് വോട്ടർമാരുടെ എണ്ണം.
275 മുതൽ 300 വരെ വീടുകളും. ഇവിടെയെല്ലാം എത്തി വോട്ട് ചോദിക്കണം.
രണ്ടാംഘട്ട ഭവന സന്ദർശനത്തിൽ അഭ്യർഥന നോട്ടിസ് നൽകണം.
ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോയും റീൽസും പോസ്റ്റ് ചെയ്യണം. ഈ തിരക്കിനിടെ മഴ കൂടി പെയ്താൽ പ്രചാരണം വൈകുമെന്നു സ്ഥാനാർഥികൾ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണം കാൽനടയാത്രയാണ്.
പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥി ദിവസവും രണ്ടു മുതൽ 4 വരെ കിലോമീറ്റർ നടക്കണം. മിക്കവരും ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നു.
പ്രവാസികൾ ഏറെയുള്ള ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിൽ സ്ഥാനാർഥികളുടെ പ്രധാന പ്രചാരണ ആയുധം ഫോൺ ആണ്. വിദേശത്തു ജോലി ചെയ്യുന്നവരെ വിളിച്ചു പറയും.
വാട്സ് ആപ് കൂട്ടായ്മകളിൽ പോസ്റ്റർ പോസ്റ്റ് ചെയ്യും.
സ്ഥാനാർഥികൾ പലവിധം
ഡോക്ടർ, എൻജിനീയർ, വിരമിച്ച അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ. സ്ഥാനാർഥികളിൽ വൈവിധ്യം ഏറെയാണ്.
മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥി കഴിഞ്ഞ ദിവസമാണ് പത്രിക സമർപ്പണത്തിനു ഇറ്റലിയിൽ നിന്നെത്തിയത്. ഇതേ വാർഡിലെ എതിർ സ്ഥാനാർഥി ഒരു നഴ്സറി സ്കൂളിന്റെ ഉടമയാണ്.
പാർട്ടി അംഗം; മത്സരം സ്വതന്ത്ര ചിഹ്നത്തിൽ
കുറവിലങ്ങാട് ∙പാർട്ടി അംഗമാണെങ്കിലും മത്സരം സ്വതന്ത്ര ചിഹ്നത്തിൽ.
ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ സിപിഎം ലോക്കൽ കമ്മിറ്റി സെന്റർ അംഗവും കേരള കർഷക സംഘം ഏരിയ കമ്മിറ്റി അംഗവുമായ പയസ് മാത്യുവും, പതിനൊന്നാം വാർഡിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗം സംഘടന റോസ്മി വിനോദും മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തിലാണ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികളാണ് ഇരുവരും.
വെളിയന്നൂർ പഞ്ചായത്തിൽ മുൻ പ്രസിഡന്റ് തങ്കമണി ശശിക്കെതിരെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും സജീവ പാർട്ടി പ്രവർത്തകയുമായ പുഷ്പ വിജയൻ സ്വതന്ത്രയായി മത്സരിക്കാൻ സാധ്യത. സ്ഥാനാർഥിയായി ജനവിധി തേടുമെന്നു പുഷ്പ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു പാർട്ടി നേതൃത്വം പറയുന്നു.
ഉഴവൂർ ഡിവിഷനിൽ യുഡിഎഫിന് സ്ഥാനാർഥിയായി
കുറവിലങ്ങാട് ∙ ജില്ലാ പഞ്ചായത്ത് ഉഴവൂർ ഡിവിഷനിൽ യുഡിഎഫിനു സ്ഥാനാർഥിയായി. മുൻ ജില്ലാ പഞ്ചായത്തംഗം അനിത രാജു മത്സരിക്കും. ഇവിടെ ഷിബി മത്തായി ആണ് എൽഡിഎഫ് സ്ഥാനാർഥി.
എൻഡിഎ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോഴാ ഡിവിഷനിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ സ്ഥാനാർഥിയാകും..
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ബെന്നി കോച്ചേരിയെ പരിഗണിക്കുന്നുണ്ട്.
യുഡിഎഫ് നേതൃയോഗം നടത്തി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യുഡിഎഫ് നേതൃയോഗം നടത്തി. മണ്ഡലം ചെയർമാൻ അജോ അറക്കൽ അധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ, യുഡിഎഫ് ജില്ല ചെയർമാൻ ഇ.ജെ. ആഗസ്തി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി ജോസ്മോൻ മുണ്ടയ്ക്കൽ, കെപിസിസി അംഗം ടി.
ജോസഫ്, യുഡിഎഫ് മണ്ഡലം കൺവീനർ സനോജ് മിറ്റത്താനി, ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജിൻസൺ ചെറുമല, ഡിസിസി അംഗം ബേബി തൊണ്ടാംകുഴി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി,വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, അരുൺ ജോസഫ്, ജോർജ് ചെന്നേലിൽ, ജോസഫ് പുതിയിടം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മെറിൻ തോമസ് പൊയ്യാനി എന്നിവർ പ്രസംഗിച്ചു.
‘എൻസിപി(എസ്)നെ തഴഞ്ഞു’
കടുത്തുരുത്തി ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടക കക്ഷിയായ എൻസിപിയെ (എസ്) പ്രാതിനിധ്യം നൽകാതെ തഴഞ്ഞുവെന്ന് എൻസിപി (എസ്) നേതൃസമ്മേളനം. ജില്ലാ നേതൃത്വം ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നു യോഗം നിർദേശിച്ചു. എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തകരെ നിയോഗിക്കാൻ തീരുമാനിച്ചു.
എൻസിപി (എസ്) സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് മങ്കുഴിക്കരി അധ്യക്ഷത വഹിച്ചു.
കിസാൻ സഭ ജില്ലാ പ്രസിഡന്റ് സജിമോൻ ചരുവിൽ, എൻസിപി (എസ്) ജില്ലാ സെക്രട്ടറി ഗോപിദാസ് തറപ്പിൽ, ബ്ലോക്ക് സെക്രട്ടറി ടി.കെ.നാണപ്പൻ, ഒ.ടി.ജോസ് കിടങ്ങൂർ, തങ്കപ്പൻ മാഞ്ഞൂർ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് സീറ്റ് വിഭജനമായി
കല്ലറ ∙ കല്ലറ പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. 14 സീറ്റുകളുള്ള പഞ്ചായത്തിൽ കോൺഗ്രസ് 10 സീറ്റിലും കേരള കോൺഗ്രസ് മൂന്നു സീറ്റിലും ഒരു സീറ്റിൽ കേരള കോൺഗ്രസ് സ്വതന്ത്രനും മത്സരിക്കാനാണ് ധാരണ. (വാർഡ്, സ്ഥാനാർഥി, പാർട്ടി എന്ന ക്രമത്തിൽ).
വാർഡ്– 1 പ്രമീള ഷിബു (കേരള കോൺഗ്രസ്), വാർഡ്– 2 ജോളി ജയിംസ് പനന്താനത്ത് (കോൺഗ്രസ്), വാർഡ്– 3 ബാബു ജോർജ് തയ്യിൽ (കോൺഗ്രസ്), വാർഡ്– 4 ടി.എം.മനോജ് തെക്കേ ഊന്നുകല്ലേൽ (കോൺഗ്രസ്), വാർഡ്– 5 എൻ.എം.സുധാകരൻ നിരവത്ത് പറമ്പിൽ (കോൺഗ്രസ്), വാർഡ്– 6 ടി.ഐ.ദാമോദരൻ തറക്കുന്നേൽ (കോൺഗ്രസ്), വാർഡ്–7 അമ്പിളി ബിനീഷ് കാവിമറ്റം ( കോൺഗ്രസ്), വാർഡ്– 8 ടി.കെ. രവി.
തൊട്ടിപ്പറമ്പിൽ ( കേരള കോൺഗ്രസ് സ്വതന്ത്രൻ), വാർഡ്– 9 മിനി അഗസ്റ്റിൻ കൊരണ്ടക്കാട്ട് ( കോൺഗ്രസ്), വാർഡ്– 10 ദേവരാജൻ കോലടപറമ്പ് ( കോൺഗ്രസ്), വാർഡ്– 11 കെ.എൻ. വേണുഗോപാൽ ( കോൺഗ്രസ്), വാർഡ്– 12 ഡെയ്സി ലൂക്കോസ് ഇടത്തിൽ ( കേരള കോൺഗ്രസ്), വാർഡ്– 13 ഐഷ റെജിമോൻ മറ്റത്തിൽ ( കേരള കോൺഗ്രസ്) , വാർഡ്– 14 ഉഷാകുമാരി ചെരുപറമ്പിൽ ( കോൺഗ്രസ്).
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്
കടുത്തുരുത്തി ∙ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്നോടിയായി കടുത്തുരുത്തി മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് അഞ്ചിന് കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടോമി പ്രാലടിയിൽ, കൺവീനർ ജോണി കണിവേലിൽ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

