ജർമനിയിൽ കുടുംബം എത്തുന്നതിന് തൊട്ടുമുൻപാണ് നോവ സാബുവിന്റെ ദാരുണ അന്ത്യം സംഭവിച്ചിരിക്കുന്നത്. വീട്ടുകാരുടെ പ്രിയപ്പെട്ട
‘കിളി’യായിരുന്നു നോവ. പിതാവ് ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ടേൽ കെ.പി.സാബുവും അമ്മ ജ്യോതിയും അടുത്തമാസം മകളുടെ അടുത്തേക്കു പോകാനിരിക്കെയാണ് ഈ ദുരന്തം തേടിയെത്തിയത്.
ജർമനിയിലെ ബോഹും നഗരത്തിലുള്ള അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് നോവയും മറ്റ് രണ്ട് സുഹൃത്തുക്കളും ജീവൻ വെടിഞ്ഞത്. ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽനിന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ നോവ, പുളിയൻമല ക്രൈസ്റ്റ് കോളജിൽ നിന്നാണ് ബികോം ടാക്സേഷൻ വിജയിച്ചത്.
തുടർന്ന് എറണാകുളത്തുനിന്ന് ജിം ട്രെയിനർ കോഴ്സും വിജയകരമായി പൂർത്തിയാക്കി. സ്വന്തം നാട്ടിലെ ജിമ്മിൽ ട്രെയ്നറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ജർമനിയിലേക്ക് ചേക്കേറിയത്.
അവിടെയെത്തി ജിം ട്രെയ്നറായി ജോലി നോക്കിവരികയായിരുന്ന നോവ, പിന്നീട് മറ്റൊരു ജോലി കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. ഇതിനിടയിൽ മറ്റൊരു സ്ഥലത്തെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്ന നോവ, കൊല്ലം സ്വദേശിനിയായ സുഹൃത്ത് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഈ അപകടത്തിൽപ്പെടുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

