ഉന്നത ജോലിയെന്ന സ്വപ്നവുമായി ജർമനിയിലേക്ക് ചേക്കേറിയ സിവിൻ ജോണിയുടെ (27) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കാലടിക്കടുത്ത തോട്ടകം ഗ്രാമം. ഒരു മാസം മുൻപ് മാത്രമാണ് സിവിൻ ജർമനിയിലേക്ക് യാത്ര തിരിച്ചത്.
തീപിടിത്തമുണ്ടായ അപ്പാർട്മെന്റിലേക്ക് സിവിൻ താമസം മാറിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. തിങ്കളാഴ്ച ഒരു ഹോട്ടലിൽ ജോലിക്കു പ്രവേശിക്കേണ്ടിയിരുന്ന സിവിൻ, ജോലിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യാർത്ഥമാണ് പുതിയ അപ്പാർട്മെന്റിലേക്ക് മാറിയത്.
ജർമനിയിൽ ഒരു വർഷമായി നഴ്സിങ് വിദ്യാർത്ഥിയായ അനുജൻ സാൽവിൻ ഒപ്പമായിരുന്നു ഞായറാഴ്ച വരെ സിവിൻ കഴിഞ്ഞിരുന്നത്. സാൽവിന്റെ താമസസ്ഥലത്തുനിന്നും ഏകദേശം 30 മിനിറ്റ് യാത്രാദൂരമുണ്ട് ദുരന്തം നടന്ന അപ്പാർട്മെന്റിലേക്ക്.
കഴിഞ്ഞ സെപ്റ്റംബർ 5നാണ് സാൽവിൻ നാട്ടിൽ വന്നു മടങ്ങിയത്. സെപ്റ്റംബർ 14നാണ് സിവിൻ ജർമനിയിലേക്ക് തിരിച്ചത്.
ഇവരുടെ സഹോദരി സിമി രണ്ടു വർഷമായി അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്നുണ്ട്. കർഷകനായ പിതാവ് ജോണിയുമായി സിവിൻ ജർമനിയിൽ നിന്ന് ദിവസവും ഫോണിൽ സംസാരിക്കുമായിരുന്നു.
എന്നാൽ രണ്ടു ദിവസം മുൻപ് ഫോൺ ചെയ്യാതിരുന്നതിനെ തുടർന്ന് ജോണി തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. എന്തെങ്കിലും തിരക്കായിരിക്കും എന്നാണ് കുടുംബം കരുതിയത്.
ഇന്നലെ രാവിലെയാണ് മകന്റെ മരണവിവരം ജോണിയെ തേടിയെത്തിയത്. സിവിന്റെ മാതാവ് ലിസി 15 വർഷം മുൻപ് അന്തരിച്ചിരുന്നു.
തുടർന്ന് ജോണി പുനർവിവാഹം കഴിക്കുകയായിരുന്നു. അങ്കമാലി ഡി പോൾ കോളജിൽ നിന്ന് ബികോം വിജയിച്ച സിവിൻ, അങ്കമാലിയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു.
മാണിക്യമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവിവാഹിതനാണ്.
ജർമനിയിലെ ബോഹും നഗരത്തിലുള്ള അപ്പാർട്മെന്റിലുണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്.ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
മൂവരുടെയും മരണം പുക ശ്വസിച്ചാണെന്നാണ് റിപ്പോർട്ട്. അപ്പാർട്മെന്റിന്റെ തടിയിൽ തീർത്ത പടികൾ തീപിടിത്തത്തിൽ തകർന്നുപോയത് മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് രക്ഷപ്പെടാൻ വലിയ തടസ്സമായി.
സമീപത്തുള്ള ഫ്ലാറ്റുകളിൽ കഴിഞ്ഞിരുന്ന അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത റുമാനിയക്കാരനായ അയൽവാസിയെ ചോദ്യം ചെയ്തുവരികയാണ്.
മരിച്ച മൂന്നുപേരുടെയും കുടുംബാംഗങ്ങളുമായി ഇന്ത്യൻ എംബസി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ അതിവേഗം നാട്ടിലെത്തിക്കുന്നതിനായി എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരും നോർക്ക വഴിയും ശക്തമായ ഇടപെടലുകൾ നടത്തിവരുന്നു.

