സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലേർട്ട് ബാധകമായിരിക്കും. വരുന്ന തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
19 വരെ ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് തുലാവർഷപ്പെയ്ത്ത് ഔദ്യോഗികമായി ആരംഭിച്ചതായാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇന്ന് സംസ്ഥാനത്തുടനീളം മഴയും വിവിധയിടങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു. വടക്കുകിഴക്കൻ മൺസൂൺ കാറ്റിലൂടെ ഒക്ടോബർ പകുതിയോടെ കേരളത്തിൽ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവർഷം അഥവാ തുലാമഴ.
തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം രാജ്യത്തുനിന്ന് പൂർണ്ണമായി പിൻവാങ്ങുന്നതോടെയാണ് തുലാവർഷം ആരംഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിന്നുണ്ടാകുന്ന ന്യൂനമർദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് പ്രധാന കാരണം.
അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവർഷത്തിന്റെ പ്രധാന പ്രത്യേകതകളായി കണക്കാക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

