ജർമനിയിലെ ബോഹും നഗരത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്.ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരണമടഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കനത്ത പുക ശ്വസിച്ചതാണ് മൂവരുടെ മരണത്തിലേക്ക് നയിച്ചത്. അപ്പാർട്ട്മെന്റിന്റെ തടിയിൽ നിർമിച്ചിരുന്ന പടികൾ തീപിടിത്തത്തിൽ പൂർണ്ണമായും തകർന്നുവീണത് മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ ഇല്ലാതാക്കി.
ഈ ദുരന്തത്തിൽ സമീപ ഫ്ലാറ്റുകളിലുണ്ടായിരുന്ന അഞ്ച് പേർ കൂടി പുക ശ്വസിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത റൊമാനിയക്കാരനായ അയൽവാസിയെ ചോദ്യം ചെയ്തു വരികയാണ്.
മരിച്ചവരുടെ കുടുംബങ്ങളുമായി ഇന്ത്യൻ എംബസി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി നോർക്കയുടെയും എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെയും നേതൃത്വത്തിൽ ഊർജ്ജിതമായ ഇടപെടലുകൾ നടക്കുന്നുണ്ട്.

