കൊച്ചി ∙ ജനറൽ വിഭാഗത്തിൽ മൂന്നു വനിതകൾക്ക് ഇടം നൽകി കൊച്ചി കോർപറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്.
40 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ 22 പേരും വനിതകളാണ്. നിലവിലെ കൗൺസിലർമാരായ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് (കലൂർ സ്റ്റേഡിയം ഡിവിഷൻ), സീന ഗോകുലൻ (പുതുക്കലവട്ടം), ഷൈല തദേവൂസ് (മൂലങ്കുഴി) എന്നിവരാണു ജനറൽ സീറ്റിൽ സ്ഥാനാർഥിത്വം ലഭിച്ച വനിതകൾ.
76 അംഗ കോർപറേഷനിൽ 64 ഡിവിഷനുകളിലാണു കോൺഗ്രസ് ജനവിധി തേടുന്നത്. 19 വനിതാ സംവരണ ഡിവിഷനുകളിലെയും 21 ജനറൽ ഡിവിഷനുകളിലെയും സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
‘ജനറൽ’ ആകാൻ കൂടുതൽ വനിതകൾ
യുഡിഎഫ് വിജയിച്ചാൽ മേയർ സ്ഥാനത്തേക്കു സാധ്യത കൽപിക്കപ്പെടുന്ന മൂന്നു സ്ഥാനാർഥികൾ ആദ്യ പട്ടികയിലുണ്ട്.
ദീപ്തി മേരി വർഗീസ്, സീന ഗോകുലൻ, ഷൈനി മാത്യു (ഫോർട്ട് കൊച്ചി) എന്നിവർ. മേയർ സ്ഥാനത്തേക്കു സാധ്യതയുള്ള വി.കെ.
മിനിമോൾ അടുത്ത പട്ടികയിൽ ഉണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ തവണ മത്സരിച്ചിരുന്ന മാമംഗലം ഇത്തവണ ജനറൽ വിഭാഗത്തിലാണ്.
ജനറൽ വിഭാഗത്തിൽ കൂടുതൽ വനിതകൾക്കു സാധ്യതയുണ്ടെന്നു പട്ടിക പുറത്തുവിട്ട ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പ്രഖ്യാപിച്ചതോടെ മിനി മോൾക്കു ‘സ്വന്തം’ ഡിവിഷനിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത തെളിയുന്നു.
സിറ്റിങ് കൗൺസിലർമാരിൽ പലർക്കും തങ്ങളുടെ സീറ്റ് വനിതാ സംവരണത്തിൽപെട്ടതോടെ ഡിവിഷൻ മാറേണ്ടിവന്നു.
ഫോർട്ട് കൊച്ചി കൗൺസിലറായിരുന്ന പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ ഇത്തവണ ഐലൻഡ് നോർത്തിലും കതൃക്കടവിലെ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ കലൂർ സൗത്തിലേയ്ക്കും മാറിയാണു മത്സരിക്കുന്നത്.
എറണാകുളം നോർത്തിലെ കൗൺസിലർ മനു ജേക്കബിനും ഡിവിഷൻ മാറേണ്ടിവന്നു. ഇത്തവണ എറണാകുളം സെൻട്രലിലാണു മനു മത്സരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മുൻ കൗൺസിലർ ദീപക് ജോയി ഇത്തവണ അയ്യപ്പൻകാവ് ഡിവിഷനിൽ സ്ഥാനാർഥിയാകും.
വൈറ്റിലയിൽ ‘സ്വതന്ത്ര’ പരീക്ഷണം
യുഡിഎഫിലെ ധാരണ പ്രകാരം കേരള കോൺഗ്രസിന് അനുവദിച്ച വൈറ്റില ഡിവിഷനിൽ സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗവും മുൻ കൗൺസിലറുമായ വി.പി. ചന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
വൈറ്റില കേരള കോൺഗ്രസ് അക്കൗണ്ടിലാണെങ്കിലും സ്ഥാനാർഥി ‘യുഡിഎഫ്’ സ്വതന്ത്രനായിരിക്കുമെന്നാണു ഡിസിസി പ്രസിഡന്റ് പറഞ്ഞത്. കേരള കോൺഗ്രസ് മത്സരിക്കുന്ന മറ്റു രണ്ടു സീറ്റുകളിലേക്കു സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഉൾപാർട്ടി വിഭാഗീയതയെത്തുടർന്നു സിപിഎമ്മുമായി വഴി പിരിഞ്ഞ ചന്ദ്രനു മേഖലയിലുള്ള സ്വാധീനം മുതലെടുക്കാനാണു യുഡിഎഫ് നീക്കം. വൈറ്റിലയിൽ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയെന്നാണു ചന്ദ്രനെ ഷിയാസ് വിശേഷിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

