ഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ഔദ്യോഗിക വിശദീകരണം. സ്ഥാപനത്തിന്റെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഐഎസ്ആർഒ നേതൃത്വം നൽകുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും, വലിയ ദൗത്യങ്ങളിലേക്ക് കേന്ദ്രം ശ്രദ്ധ തിരിക്കുകയാണെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. സർക്കാരിതര സംവിധാനങ്ങളുടെ പങ്കാളിത്തം ഇൻസ്പേസ് ഏകോപിപ്പിക്കുമ്പോൾ, സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം എൻസിൽ നിർവഹിക്കും.
പുതിയ ബഹിരാകാശ നയം വിപണിയെ വളർത്തിയെന്നും ഔദ്യോഗിക പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ബഹിരാകാശ നിലയവും, ചാന്ദ്ര ദൗത്യങ്ങളും അടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് ഇസ്രൊ മുന്നേറുമെന്നും വിശദീകരണത്തിലുണ്ട്.
ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ ജീവനക്കാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഐഎസ്ആർഒയുടെ വിശദീകരണം പുറത്തുവരുന്നത്. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ജീവനക്കാർ ഇത്ര ശക്തമായി സംഘടിച്ച് രംഗത്ത് വന്നത്.
വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കണമെന്ന വികാരമായിരുന്നു കത്തിലെ ഉള്ളടക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

