കന്യാകുമാരി∙ ശബരിമല തീർഥാടകർക്കായി കന്യാകുമാരിയിൽ ശുചിമുറികൾ, ഡോർമിറ്ററി, പാർക്കിങ് സൗകര്യങ്ങളോടെ ബഹുനില പിൽഗ്രിംസ് കോംപ്ലക്സ് നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മണ്ഡല–മകരവിളക്കു കാലത്ത് തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനു തീർഥാടകരാണ് കന്യാകുമാരിയിൽ എത്തുന്നത്.
ഇവർക്കു പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും താമസിക്കുന്നതിനും തമിഴ്നാട് സർക്കാർ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നാണ് പരാതി. എല്ലാ വർഷവും മണ്ഡലക്കാലത്ത് കടപ്പുറത്ത് സൺസെറ്റ് പോയിന്റിലേക്കുള്ള വഴിയരികിലാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു താൽക്കാലിക സൗകര്യം ഒരുക്കുന്നത്.
ഓലയും ഷീറ്റും കെട്ടിമറച്ച സ്ഥലത്താണ് ശുചിമുറികൾ സജ്ജമാക്കുന്നത്.
പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായി ആകെ നൂറോളം ശുചിമുറികളാണ് നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കുന്നത്. എന്നാൽ മണ്ഡലക്കാലം തുടങ്ങി കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ തന്നെ പ്രദേശത്ത് ദുർഗന്ധം അസഹനീയമാകും. ഓലയും ഷീറ്റും കെട്ടിമറച്ച സ്ഥലത്ത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നത് സ്ത്രീകൾക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. സൗകര്യങ്ങൾ കുറവായതിനാൽ കടൽത്തീരത്ത് പ്രാഥമിക കൃത്യം നിർവഹിക്കുന്നവരും ഏറെയാണ്. മികച്ച സൗകര്യങ്ങളോടെ പിൽഗ്രിംസ് കോംപ്ലക്സ് നിർമിച്ചാൽ ദുരിതങ്ങൾക്കു പരിഹാരമാവുമെന്നാണ് തീർഥാടകർ പറയുന്നത്.
കുറഞ്ഞത് 100 ശുചിമുറികൾ, വിശാലമായ ഡോർമിറ്ററി, മുറികൾ, വാഹനങ്ങൾ നിർത്തിയിടാനുള്ള പാർക്കിങ് ഏരിയ എന്നിവ ഉൾപ്പെടുത്തി പിൽഗ്രിംസ് കോംപ്ലക്സ് നിർമിക്കുന്നത് തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടും.
ബസുകളിൽ വരുന്ന തീർഥാടക സംഘങ്ങൾ കടപ്പുറത്ത് റോഡരികിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. കെട്ടിടത്തിനുള്ളിൽ ചെറിയ അടുക്കളകൾ സജ്ജമാക്കിയാൽ വൃത്തിയായി ഭക്ഷണം തയാറാക്കാനും സാധിക്കും. മണ്ഡലക്കാലത്ത് വാടക കൂടുന്നതിനാൽ സാധാരണക്കാർക്ക് ഹോട്ടലുകളിൽ മുറിയെടുക്കാൻ സാധിക്കില്ല. കുറഞ്ഞ നിരക്കിൽ മുറികളും ഡോർമിറ്ററിയും ലഭ്യമാക്കിയാൽ തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടും.
മണ്ഡലക്കാലത്തിനു ശേഷം പിൽഗ്രിംസ് കോംപ്ലക്സിലെ സൗകര്യങ്ങൾ മറ്റുള്ള സന്ദർശകർക്കും ലഭ്യമാക്കാവുന്നതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

