കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാലിയേക്കര ടോൾപ്ലാസയിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് ടോൾ ഗേറ്റുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത്.
ഒന്നര-രണ്ട് കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞതോടെയാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ താൻ നേരിട്ട് ടോൾ പ്ലാസയിൽ ഇറങ്ങി ഗേറ്റുകൾ തുറപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പതിനഞ്ച് മിനിറ്റുകൊണ്ട് റോഡിലെ വലിയൊരു കുരുക്കഴിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും യാത്രക്കാർ നന്ദിയോടെയാണ് കടന്നുപോയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. വൈകീട്ട് 5.45 ന് ആയിരുന്നു സംഭവം.
കൊച്ചിയിലേക്കുള്ള യാത്രമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു ഈ സാഹചര്യം ഉണ്ടായത്. ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം വാഹനങ്ങളുടെ നീണ്ട
നിര രൂപപ്പെട്ടിരുന്നു. പൈലറ്റ് വാഹനമുണ്ടായിട്ടും തന്റെ വാഹനത്തിനും ഏറെ ബുദ്ധിമുട്ടിയാണ് മുന്നോട്ടു പോകാനായത്.
മറ്റു യാത്രക്കാരിൽ അതിന്റെ നീരസവും പ്രകടമായിരുന്നു. ഇതോടെയാണ് ടോൾ പ്ലാസയ്ക്കു സമീപം വാഹനം നിർത്തി തന്റെ ഒപ്പമുണ്ടായിരുന്ന പൊലീസ് സംഘത്തോട് ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ നിർദേശിച്ചത്.
ഏകദേശം 10 മിനിറ്റോളം ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ്ഗോപിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തുറന്നുവിട്ടു. 2 ഭാഗത്തേക്കും വാഹന നിരയുണ്ടായിരുന്നു.
വാഹന നിര കൂടുമ്പോൾ യാത്രക്കാർക്ക് സമയനഷ്ടവും ഇന്ധന നഷ്ടവും ഉണ്ടാകുന്നുണ്ടെന്നും ഇത്തരം ഗതാഗതക്കുരുക്കുകൾ യാത്രക്കാരെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ദിവസങ്ങളായി ടോൾ പ്ലാസയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെ മണിക്കൂറുകളോളമാണ് വലക്കുന്നത്.
ടോൾ പ്ലാസയിലെ തിരക്ക് നിരീക്ഷിക്കാൻ ആറ് ക്യാമറകൾ സ്ഥാപിച്ച് കലക്ടറുടെ ചേംബറിലേക്ക് കണക്ട് ചെയ്യണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. വലിയ കുരുക്കുണ്ടാകുമ്പോൾ ഗേറ്റ് തുറക്കാൻ കലക്ടർക്ക് താക്കീത് നൽകാനുള്ള സംവിധാനം ഉണ്ടാകണം.
ദുബായിലേതിനു സമാനമായി സാലിക് സംവിധാനം ഇവിടെ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ഇതിനായി കേന്ദ്രമന്ത്രിയെ കണ്ട് സംസാരിക്കും. പാലിയേക്കരയിലെ പ്രശ്നം ഒറ്റപ്പെട്ടതല്ലെന്നും സംസ്ഥാനത്തെ എല്ലാ ടോൾ ബൂത്തുകളിലെയും കുരുക്കിനു ശാശ്വത പരിഹാരമാണ് ആവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

