കേരള നിയമസഭയുടെ ചരിത്രത്തിൽ അംഗമല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിയോ ആയി ചുമതലയേറ്റിട്ടുള്ളത് ആകെ ഏഴുപേരാണ്. എന്നാൽ, ഇത്തരത്തിലുള്ള ഒരു നിയോഗത്തിന് ആദ്യമായി അടിത്തറ പാകപ്പെട്ടിട്ട് ഇപ്പോൾ 75 വർഷം പൂർത്തിയാകുന്നു.
1951 സെപ്റ്റംബർ 6 ന് തിരുവിതാംകൂർ – കൊച്ചിയിലെ സി. കേശവൻ മന്ത്രിസഭയിൽ അംഗമായ പി.കെ.
കൃഷ്ണൻകുട്ടി മേനോൻ ആണ് ഈ അപൂർവ ചരിത്രത്തിന് പാത്രമായത്. രാജ്യത്ത് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, എംഎൽഎയാകാൻ കാത്തുനിൽക്കാതെ 1952 മാർച്ച് 6 അദ്ദേഹം മന്ത്രിപദം രാജിവെക്കുകയും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും ചെയ്യുകയായിരുന്നു.
തിരുവിതാംകൂർ–കൊച്ചി സംയോജനത്തെ തുടർന്ന് തിരുവിതാംകൂർ വിഭാഗക്കാർ കൊച്ചിക്കാരെ അവഗണിക്കുന്നു എന്ന ശക്തമായ പരാതി നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി 1951 മാർച്ച് 3 ന് അധികാരമേറ്റ സി.
കേശവന്റെ നേതൃത്വത്തിലുള്ള മൂന്നംഗ മന്ത്രിസഭയിൽ കൊച്ചിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഡപ്യൂട്ടി സ്പീക്കർ കെ.
കൊച്ചുകുട്ടൻ ഉൾപ്പെടെ കൊച്ചി മേഖലയിൽ നിന്നുള്ള 30 എംഎൽഎമാർ തങ്ങളുടെ പദവികൾ രാജിവെക്കുകയുണ്ടായി. 1951 ജൂലൈ 7 (22), 8 (3), 9 (1), 10 (1), 13 (2), 14 (1) തീയതികളിൽ സമർപ്പിച്ച ഈ രാജി കത്തുകൾ അതേ വർഷം ഓഗസ്റ്റ് 21 നാണ് സ്പീക്കർ സ്വീകരിച്ചത്.
(ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് അതത് ദിവസങ്ങളിൽ രാജിവെച്ചവരുടെ എണ്ണമാണ്). എംഎൽഎമാരുടെ ഈ കൂട്ടരാജിയെത്തുടർന്ന് പറവൂർ ടി.കെ.
നാരായണ പിള്ളയും എ.ജെ. ജോണും സെപ്റ്റംബർ 5 ന് മന്ത്രിസ്ഥാനം ഒഴിഞ്ഞു.
തുടർന്ന് തിരുവിതാംകൂർ വിഭാഗക്കാരായ കെ.എം. കോരയും ജി.
ചന്ദ്രശേഖര പിള്ളയും കൊച്ചി വിഭാഗക്കാരായ എൽ.എം. പൈലിയും പി.കെ.
കൃഷ്ണൻകുട്ടി മേനോനും തൊട്ടടുത്ത ദിവസം മന്ത്രിമാരായി ചുമതലയേറ്റു. കൊച്ചിയിലെ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി, രാജിവെച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന മേനോനെയും രാജി വെക്കാതിരുന്നവരിൽ ഒരാളായ പൈലിയെയുമാണ് മന്ത്രിമാരാക്കിയത്.
നേരത്തെ ജൂലൈ 7 ന് തന്നെ കൃഷ്ണൻകുട്ടി മേനോൻ തന്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് നിയമസഭാംഗമല്ലാതെ മന്ത്രിയായ അദ്ദേഹം, ആറുമാസം തികഞ്ഞപ്പോൾ മന്ത്രിസ്ഥാനം ഒഴിയുകയായിരുന്നു.
ഇന്ത്യ റിപ്പബ്ലിക്കായ ശേഷം കേരളത്തിൽ എംഎൽഎയോ എംഎൽസിയോ അല്ലാതെ മന്ത്രി പദവിയിലെത്തിയ ആദ്യത്തെ വ്യക്തിയാണ് കൃഷ്ണൻകുട്ടി മേനോൻ. നിയമസഭയിൽ 30 എംഎൽഎമാർ ഒരുമിച്ച് രാജിവെച്ച സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിയിലെ തന്നെ അപൂർവതയാണ്.
ടി.എം. വർഗീസിന്റെ രാജിക്ക് ശേഷം എ.എം.
തോമസ് 1951 സെപ്റ്റംബർ 19 ന് സ്പീക്കറായും, കെ. കൊച്ചുകുട്ടന് പകരമായി ടി.ടി.
കേശവൻ ശാസ്ത്രി സെപ്റ്റംബർ 17 ന് ഡപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂറും കൊച്ചിയും 1949 ജൂലൈ 1 ന് ലയിച്ച് ഒറ്റ സംസ്ഥാനമായി രൂപംകൊണ്ടതുമുതൽ ഇരുമേഖലകളിലെയും നിയമസഭകളിലെ അംഗങ്ങൾ (120 + 58) ചേർന്ന് 178 അംഗങ്ങളുള്ള സഭയാണ് നിലവിൽ വന്നത്.
പിൽക്കാലത്തും കേരളത്തിൽ കൂട്ടരാജികളുടെ ചരിത്രമുണ്ടായിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായ ഘട്ടത്തിൽ 2005 ജൂലൈ 5 ന് കെ.
കരുണാകരന്റെ അനുയായികളായ 9 എംഎൽഎമാർ കേരള നിയമസഭാംഗത്വം രാജിവെച്ചു. എൻ.ഡി.
അപ്പച്ചൻ, ടി.വി. ചന്ദ്രമോഹൻ, എം.എ.
ചന്ദ്രശേഖരൻ, എം.പി. ഗംഗാധരൻ, രാധാ രാഘവൻ, ശോഭന ജോർജ്, മാലേത്ത് സരളാദേവി, ഡി.
സുഗതൻ, പി. ശങ്കരൻ എന്നിവരാണ് അന്ന് രാജിവെച്ച പ്രമുഖർ.
കേരളത്തിൽ മുഖ്യമന്ത്രിമാരായ സി. അച്യുതമേനോൻ (1969 നവംബർ 1), എ.കെ.
ആന്റണി (രണ്ടുതവണ: 1977 ഏപ്രിൽ 27, 1995 മാർച്ച് 22), ഇ.കെ. നായനാർ (1996 മേയ് 20) എന്നിവരും മന്ത്രിമാരായ ആര്യാടൻ മുഹമ്മദ് (1980 ജനുവരി 25), ടി.കെ.
രാമകൃഷ്ണൻ (1987 ഏപ്രിൽ 2) എന്നിവരും നിയമസഭാംഗമല്ലാതിരിക്കെ ചുമതലയേറ്റ് പിന്നീട് തിരഞ്ഞെടുപ്പിൽ വിജയിച്ചവരാണ്. ഇതിൽ സി.
അച്യുതമേനോനും എ.കെ. ആന്റണിയും (രണ്ടാം തവണ, 1995) രാജ്യസഭാംഗങ്ങളായിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്.
കൂടാതെ, ആർ. ബാലകൃഷ്ണപിള്ള (1975 ഡിസംബർ 26), കെ.
മുരളീധരൻ (2004 ഫെബ്രുവരി 11) എന്നിവർ ലോക്സഭാംഗങ്ങളായിരിക്കുമ്പോഴാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ ബാലകൃഷ്ണപിള്ള 1976 ജൂൺ 25 നും, വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കെ.
മുരളീധരൻ 2004 മേയ് 14 നും മന്ത്രിസ്ഥാനം രാജിവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

