കൊച്ചി ∙ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾക്കായി നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പതിനായിരം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയോടെ സ്വാഗതമോതാൻ എൻഡിഎ. എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽനിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുക്കും.
കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോൺഗ്രസ് തുടങ്ങി എൻഡിഎയിലെ പന്ത്രണ്ടോളം പാർട്ടികളുടെ പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കും. തിരഞ്ഞെടുപ്പിലെ പാർട്ടി നിലപാടുകളും നീക്കങ്ങളുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
രാവിലെ 11.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവികസേനയുടെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽ ഇറങ്ങും.
തുടർന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും.
സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തുക. 12.30ന് ഇന്ത്യൻ റെയിൽവേയുടേതടക്കം കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് ഒരു മണിയോടെ സമീപത്തെ മറ്റൊരു വേദിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കു പോകും.
റോഡ് ഷോയിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കു സൗകര്യപ്രദമായി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി സ്റ്റേഡിയത്തിൽ പ്രത്യേകം പന്തൽ നിർമിക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.
കേരളത്തിനായുള്ള വികസനരേഖ ഉൾക്കൊള്ളുന്ന എൻഡിഎയുടെ പ്രകടനപത്രിക പ്രധാനമന്ത്രി ഔദ്യോഗികമായി പുറത്തിറക്കിയേക്കും.
‘മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണ് എൻഡിഎ ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ, പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

