തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിക്കപ്പെട്ടുവെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സർക്കാർ. നിലവിൽ റെയിൽവേ പൊലീസ് അന്വേഷണ ചുമതല വഹിക്കുന്ന ഈ കേസ് ഇനിമുതൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കും.
എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ സംഘത്തിന്റെ തലവൻ. കഴിഞ്ഞ ഫെബ്രുവരി 25-ന് നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ വീണാ ജോർജിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു എന്നാരോപിച്ചുള്ള കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു.
പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയുണ്ടായി. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് യൂത്ത് കോൺഗ്രസ് – കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ട
പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തുടരന്വേഷണമാണിത്. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള അന്വേഷണം വലിയ വഴിതിരിവുകൾ സൃഷ്ടിച്ചിരുന്നു.
അതുപോലെ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നടപടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടയിൽ കെഎസ്യു പ്രവർത്തകർ ആയുധങ്ങളുമായി മന്ത്രിക്കു നേരെ ചാടിവീഴുകയും കഴുത്തിന് ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു എന്ന ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് കേസെടുത്തിരുന്നത്. എന്നാൽ സംഭവസ്ഥലത്തുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസിന് യാതൊരുവിധ ആയുധങ്ങളും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയും തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത വീണാ ജോർജ് പിറ്റേന്ന് പുലർച്ചെ രഹസ്യമായി ആശുപത്രി വിട്ട് റോഡ് മാർഗ്ഗം പത്തനംതിട്ടയിലേക്ക് മടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ എവിടെയും മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളോ തെളിവുകളോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
പ്രതികൾക്കെതിരെ 13 വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും പിന്നീട് വധശ്രമക്കേസ് ഒഴിവാക്കേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്തുവെച്ച് റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ ഉന്തിലും തള്ളിലുമാണ് തനിക്ക് പരുക്കേറ്റതെന്ന് വ്യക്തമാക്കിയ വീണാ ജോർജ്, ആയുധം ഉപയോഗിച്ചുള്ള ആക്രമണ വാദം പിന്നീട് ആവർത്തിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

