കുണ്ടന്നൂരിൽ നിന്ന് വീണ്ടും നാടകീയ ട്വിസ്റ്റുകൾ. കേസിൽ തട്ടിക്കൊണ്ടുപോകപ്പെട്ട
യുവാവ് എംഡിഎംഎയുമായി പിടിയിലായതനു പിന്നാലെ തട്ടിക്കൊണ്ടു പോയ സംഘവും രാസലഹരിയായ എംഡിഎംഎയുമായി പിടിയിലായി. 46,000 രൂപയുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട
തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എറണാകുളം എസിപി കെ.ജി.സുരേഷിന്റെ സ്ക്വാഡാണ് ലഹരി കടത്തു സംഘത്തെ പിടികൂടിയത്.
തട്ടിക്കൊണ്ടു പോകപ്പെട്ട മരട് സ്വദേശി റിജോയ് ബെക്സൺ വർഗീസിനെ (24) ഒളിവിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പേര് കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ലഹരി ഇടപാടുകാരനും നിരവധി കേസുകളിൽ പ്രതിയുമായ മുണ്ടംവേലി പനയ്ക്കൽവീട്ടിൽ ഫ്രാൻസിസ് സേവ്യറിന്റെ (33) നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ പ്രവർത്തിച്ചത്. മുൻപ് കൊച്ചിയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് ഫ്രാൻസിസ്.
എംഡിഎംഎ വാങ്ങിയ ഇനത്തിൽ ഫ്രാൻസിസിന്റെ സംഘത്തിന് 46,000 രൂപ റിജോയ് നൽകാനുണ്ടായിരുന്നു. ഇത് സംസാരിക്കാനായി ബുധനാഴ്ച രാത്രി 9.50ഓടെ കുണ്ടന്നൂർ ഫോറം മാളിന് മുന്നിലെ സർവീസ് റോഡിലേക്ക് റിജോയിയെ വിളിച്ചുവരുത്തുകയായിരുന്നു.
ചുവന്ന സ്കൂട്ടറിലെത്തിയ റിജോയിയെ ഫ്രാൻസിസും സംഘവും ബലമായി കാറിലേക്ക് പിടിച്ചുകയറ്റി. കഴിഞ്ഞ വർഷം ലഹരി കടത്തിന് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയ പാലക്കാട് കർക്കിടകംകുന്ന് അലനെല്ലൂർ വെള്ളാപ്പുള്ളി വീട്ടിൽ ഷഹനാസ് വി.പിയുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് ആലുവയിലുള്ള രഹസ്യ സങ്കേതത്തിലെത്തിച്ച് വ്യാഴാഴ്ച രാവിലെ വരെ സംഘം റിജോയിയെ ബന്ദിയാക്കി വച്ചു. ഒടുവിൽ പണം ഉടൻ നൽകുമെന്ന ഉറപ്പിലും സ്കൂട്ടർ ഈടായി വാങ്ങിയ ശേഷവുമാണ് സംഘം റിജോയിയെ മോചിപ്പിച്ചത്.
നേരത്തെയും ലഹരി കേസിൽ പ്രതിയായ റിജോയ് ഡാൻസാഫിന്റെ (DANSAF) നിരീക്ഷണത്തിലായിരുന്നു. ആലുവയിലെ ഒളിസങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ റിജോയിയെ കേന്ദ്രീകരിച്ച് ഡാൻസാഫ് നടത്തിയ തിരച്ചിലിൽ വെണ്ണലയിലെ വീട്ടിൽ നിന്ന് 4.88 ഗ്രാം എംഡിഎംഎയുമായി ഇയാൾ ആദ്യം പിടിയിലായി.
ഇയാൾക്കൊപ്പം ലഹരി ഇടപാടുകളിൽ പങ്കാളികളായ ഓൺലൈൻ ടാക്സി ഡ്രൈവർ പുത്തൻകുരിശ് സ്വദേശി ബിനു മോഹൻ (34), അനസ്തീഷ്യ അസിസ്റ്റന്റ് ഹരിപ്പാട് സ്വദേശി പാർവതി വി. (25), പനങ്ങാട് സ്വദേശി സാന്ദ്രാഞ്ജലി (24) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. റിജോയിയുടെ അറസ്റ്റിന് പിന്നാലെ ഫ്രാൻസിസിനും കൂട്ടാളികൾക്കായി എസിപിയുടെ സ്ക്വാഡും മരട് പൊലീസും അന്വേഷണം ഊർജ്ജിതമാക്കി.
പൊലീസ് വലയിലാകുമെന്ന് മനസ്സിലാക്കി ആലപ്പുഴയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ കൊച്ചി പൊലീസ് അറിയിച്ചതനുസരിച്ച് മണ്ണഞ്ചേരി പൊലീസ് വാഹനപരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. കൃപാസനം പള്ളിക്ക് സമീപം വച്ച് രണ്ട് കാറുകളിലാായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്.
ഒരു കാറിൽ നിന്ന് ഫ്രാൻസിസ് സേവ്യർ (33), പങ്കാളി കോഴഞ്ചേരി തെക്കേമല തിരുമാതാ സദനംവീട്ടിൽ ആര്യ പൊടിപ്പെണ്ണ് (20) എന്നിവർ ഇന്നലെ വൈകിട്ട് എട്ടേകാലോടെ പിടിയിലാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഷഹനാസ് വി.പിയും കണ്ണൂർ വള്ളയാട് കീഴൂർ ചാവശേരി ആക്കപ്പാറയിൽ വീട്ടിൽ അനൂപ് എ.കെ എന്നയാളും രാത്രി 10.45ഓടെ ദേശീയപാതയിലെ ഒരു ഹോട്ടലിന്റെ പരിസരത്തു നിന്നാണ് പിടിയിലായത്. പരിശോധനയിൽ ഇവരിൽ നിന്ന് 11.78 ഗ്രാം എംഡിഎംഎയും പിടിച്ചെടുക്കുകയുണ്ടായി.
ലഹരി പിടിച്ച കേസിൽ മണ്ണഞ്ചേരി പൊലീസ് കോടതിയിൽ ഹാജരാക്കിയ ഈ നാലുപേരെയും റിമാൻഡ് ചെയ്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മരട് പൊലീസ് ഇവരെ പ്രതി ചേർക്കുന്നതാണ്.
തട്ടിക്കൊണ്ടു പോകൽ കേസുമായി ബന്ധമുള്ള മറ്റൊരു പ്രതിയായ പള്ളുരുത്തി കണ്ണമാലി കാട്ടിപ്പറമ്പ് ഇനമാക്കൽ വീട്ടിൽ സ്മിജിൽ ആന്റണിയെ 0.10 മില്ലിഗ്രാം എംഡിഎംഎയുമായി കണ്ണമാലി പൊലീസും അറസ്റ്റ് ചെയ്തു. ഈ കേസിൽ ഉൾപ്പെട്ട
സ്മിജിൽ കണ്ണമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന് മരട് പൊലീസിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ഇയാളെ കസ്റ്റയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് രാസലഹരി കണ്ടെത്തിയത്.
ഇയാൾക്കെതിരെ കണ്ണമാലി പൊലീസ് ലഹരി കേസ് രജിസ്റ്റർ ചെയ്തതിനൊപ്പം മരട് പൊലീസിന്റെ തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതി ചേർക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

