പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം അസാധാരണമാംവിധം കനത്ത അതിതീവ്ര മഴയാണ് അനുഭവപ്പെട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം വെള്ളി രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള സമയയളവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തീവ്രമായ മഴ രേഖപ്പെടുത്തി.
ഇതിൽ വടശേരിക്കരയിൽ മാത്രം 361 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. പെയ്ത മഴയുടെ ഭൂരിഭാഗവും അതായത് 300 മില്ലിമീറ്ററും രാത്രി 9നും രാവിലെ 6നും ഇടയിലാണു ലഭിച്ചത്.
സമീപകാലത്ത് കേരളത്തിൽ ഒറ്റ ദിവസം കൊണ്ട് ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴനിരക്കുകളിൽ ഒന്നാണിത്. ദുരന്ത നിവാരണ വിഭാഗവുമായി സഹകരിക്കുന്ന സ്വകാര്യ വ്യക്തികളുടെ മഴമാപിനികളിൽ നിന്നുള്ള വിവരപ്രകാരം അത്തിക്കയത്ത് 357 മില്ലിമീറ്ററും ആങ്ങമൂഴിയിൽ 307 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ളാഹയിൽ 248 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കൂടാതെ കക്കിയിൽ 242 മില്ലിമീറ്ററും, വെൺകുറിഞ്ഞിയിൽ 207 മില്ലിമീറ്ററും, റാന്നി ചേത്തയ്ക്കലിൽ 191 മില്ലിമീറ്ററും കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ശബരിമല വനമേഖലയിലും വലിയ തോതിൽ മഴ പെയ്തിട്ടുണ്ടെങ്കിലും അവിടെ മഴമാപിനികളുടെ ലഭ്യത കുറവായതിനാൽ കൃത്യമായ അളവ് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ 200 മില്ലിമീറ്ററിലധികം മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ നിരീക്ഷകർ അതിതീവ്രമഴ എന്ന് വിശേഷിപ്പിക്കുന്നത്.
ബംഗാൾ ഉൾക്കടലിലും മധ്യപ്രദേശിനു മുകളിലുമായി രൂപംകൊണ്ട ന്യൂനമർദവും അതിന്റെ തുടർച്ചയായുള്ള ന്യൂനമർദപാത്തിയും സജീവമായതാണ് ജില്ലയിൽ മഴ ഇത്രയധികം ശക്തമാകാൻ കാരണമായത്.
പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു ജില്ലയിൽ മഴ അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ കൈമാറുന്നതിനും അടിയന്തര ഘട്ടങ്ങളിൽ സഹായം തേടുന്നതിനും പൊതുജനങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രധാന കൺട്രോൾ റൂം നമ്പറുകൾ:
* പൊലീസ് കൺട്രോൾ റൂം: 112, 9497960963, 9497908045, 0468 2222600
* കലക്ടറേറ്റ്: 1077, 1070, 04682 322515, 8078808915
* കോഴഞ്ചേരി താലൂക്ക്: 0468 2222221
* മല്ലപ്പള്ളി താലൂക്ക്: 0469 2682293
* അടൂർ താലൂക്ക്: 04734 224826
* റാന്നി താലൂക്ക്: 04735 227442
* തിരുവല്ല താലൂക്ക്: 0469 2601303
* കോന്നി താലൂക്ക്: 0468 2240087
* ഫോറസ്റ്റ് ഡിവിഷൻ കൺട്രോൾ റൂം റാന്നി: 9188407515
* ഫോറസ്റ്റ് ഡിവിഷൻ കൺട്രോൾ കോന്നി: 9188407513
* ഫയർ കൺട്രോൾ റൂം: 0468 2222001, 9497920089
* വൈദ്യുതി സംബന്ധമായ അപകട സാധ്യതകൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ: 1912
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

