സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരദേശവാസികളും മലയോര മേഖലകളിൽ താമസിക്കുന്നവരും പ്രത്യേക കരുതൽ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. അതിതീവ്ര മഴയെ തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് എട്ട് പേർ ജീവൻ വെടിഞ്ഞു.
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരണപ്പെട്ടു.
പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും മാതാവ് റജീനയും മരണമടഞ്ഞു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും ജീവൻ നഷ്ടപ്പെട്ടു.
മലപ്പുറം ജില്ലയിൽ രണ്ട് കുട്ടികളാണ് ഒഴുക്കിൽപെട്ടും വെള്ളത്തിൽ വീണും മരിച്ചത്. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരനായ അബ്ദുൽ മുഹൈനിയും, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം അയ്മൻ എന്നിവരുമാണ് മരണപ്പെട്ടത്.
ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.
കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ കാണാതായ മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

