കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാലാവസ്ഥാ വകുപ്പിന്റെ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുന്ന എട്ട് ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 2, ഞായർ) സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, മതബോധന ക്ലാസുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമായിരിക്കില്ല. പത്തനംതിട്ട
ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് പരിശീലന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അവധി നിർദ്ദേശം നൽകിയിട്ടുണ്ട്.
റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ കർശനമായി ഉറപ്പുവരുത്തേണ്ടതാണ്. മലപ്പുറം ജില്ലയിലും കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും മദ്രസ്സകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ.
വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട
കോട്ടയം ജില്ലയിൽ മലയോര മേഖലകളിലടക്കം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മദ്രസകൾ, സൺഡേ സ്കൂളുകൾ, മറ്റ് മതബോധന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പൂർണ്ണമായും അടച്ചിടണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. കൂടാതെ, ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ തുടങ്ങിയ ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ എന്നിവയ്ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അവധി നീട്ടിയിട്ടുണ്ട്.
തൃശൂർ ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക ക്ലാസുകൾ നടക്കുന്നതിനാൽ അവധി ബാധകമാക്കിയിട്ടുണ്ട്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

