പന്തളം വലിയപാലത്തിനു സമീപം നടത്തിയ പരിശോധനയിൽ രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ തിമിംഗല ദഹനശിഷ്ടം (ആംബർഗ്രിസ്) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഓടനാവട്ടം മുട്ടറ രാജീവ് ഭവനിൽ രാജീവ് (39), കൊട്ടാരക്കര നെടുവത്തൂർ മുകളുവിള വീട്ടിൽ സോമൻ (48) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പന്തളം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ബൈക്കിലെത്തിയ പ്രതികളോട് വാഹനം നിർത്താൻ പൊലീസ് നിർദേശിച്ചെങ്കിലും, ഇവർ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചു.
തുടർന്ന് പൊലീസ് സംഘം വാഹനത്തിൽ പിന്തുടരുകയും റോഡിന് കുറുകെയിട്ട് പ്രതികളെ തടഞ്ഞുനിർത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ, അഞ്ച് വർഷം മുൻപ് ലക്ഷദ്വീപിൽ നിന്നുമാണ് തങ്ങൾ ആംബർഗ്രിസ് ശേഖരിച്ചതെന്നും, ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതികൾ മൊഴി നൽകി.
പിടിച്ചെടുത്ത തിമിംഗല ദഹനശിഷ്ടം വനം വകുപ്പ് കോന്നി ഡിവിഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. നിയമപരമായ തുടർനടപടികളും പ്രതികളുടെ റിമാൻഡ് നടപടികളും വനം വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ജില്ലയിൽ തിമിംഗല ദഹനശിഷ്ടത്തിന്റെ അനധികൃത വ്യാപാരം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊലീസ് സംഘം പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. പന്തളം എസ്എച്ച്ഒ വി.സജീഷ് കുമാർ, എസ്ഐ യു.വി.വിഷ്ണു, എഎസ്ഐ വിജയകുമാർ, ഉദ്യോഗസ്ഥരായ എസ്.അൻവർഷ, സിജു, ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

