ദേശീയപാതയിൽ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കയ്പമംഗലത്ത് ഉണ്ടായ സംഭവത്തിൽ പ്രധാനമായും മൂന്ന് സാധ്യതകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇയാളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീറുദ്ദീൻ വ്യക്തമാക്കി.
അപകടത്തിനിടയാക്കിയത് കാറിന്റെ അമിത വേഗതയാണെന്നാണ് മോട്ടർ വാഹന വകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
ദേശീയപാത 66ൽ പനമ്പിക്കുന്നിൽ ഇന്നലെ രാത്രി 11.42ഓടെയാണ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി ഭീകരമായ അപകടം സംഭവിച്ചത്. അപകടത്തിൽ വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗൽ), ജീവ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പ്രധാന സാധ്യതകളാണ് പരിശോധിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. “ദേശീയപാതയിൽ ഈ ഭാഗത്ത് മേൽപ്പാലത്തിന്റെ തുടക്കമാണ്.
ഇവിടെ ഗതാഗതം ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ തന്നെ ലോറി അനധികൃതമായി പാർക്ക് ചെയ്തിരുന്നു.
റോഡ് ബ്ലോക്ക് ചെയ്തിരുന്നെങ്കിലും ദേശീയപാത അധികൃതർ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചില്ല. മാത്രമല്ല രാത്രിയിൽ മുന്നറിയിപ്പ് നൽകുന്ന ഫ്ലാഷ് ലൈറ്റുകളും സ്ഥാപിച്ചില്ല.
ബ്ലോക്കുകൾക്ക് 200 മീറ്റർ മുൻപ് മുതൽ മുന്നറിയിപ്പ് ബോർഡുകളും വാണിങ് ലൈറ്റുകളും സ്ഥാപിക്കണമെന്നാണ് ചട്ടം. അതേസമയം തമിഴ്നാട്ടിൽ നിന്നു വന്ന കാറിലെ ഡ്രൈവർ ഉറങ്ങിയിരുന്നുവെന്നും സംശയമുണ്ട്,” എന്ന് മുഹമ്മദ് നദീറുദ്ദീൻ കൂട്ടിച്ചേർത്തു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ചിന് ദേശീയപാത അധികൃതരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതേസമയം, വാഹനത്തിന്റെ ഉയർന്ന വേഗതയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കുന്നു.
ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടയിലാണ് ഈ ദുരന്തം. ലോറി നിർത്തിയിട്ടിരുന്ന ട്രാക്ക് പൂർണമായി ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നില്ല.
റോഡിന്റെ തുടക്ക ഭാഗത്ത് റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നുവെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ റോഡരികിൽ ലോറി നിർത്തിയിട്ടിരുന്നത് ഈ മുന്നറിയിപ്പ് ബോർഡുകൾ മറയ്ക്കുന്ന രീതിയിലായിരുന്നു.
ഇതുമൂലമായിരിക്കാം അമിതവേഗതയിലെത്തിയ കാറിന്റെ ഡ്രൈവർക്ക് ബോർഡുകൾ ശ്രദ്ധയിൽപെടാതെ പോയത്. മുന്നിൽ റോഡ് അടച്ചിട്ടിരിക്കുകയാണെന്ന കാര്യം കാർ ഡ്രൈവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
ഈ സാഹചര്യം തന്നെയാകാം ഇത്രയും വലിയൊരു അപകടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

