കോഴിക്കോട്: കൊച്ചുകൂട്ടുകാരിയുടെ മാതൃകാപരമായ പരിസ്ഥിതി പ്രവർത്തനങ്ങളെ തേടിയെത്തി ദേശീയ അംഗീകാരം. കോമൺ ഗ്രൗണ്ട് അക്കാദമി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കോഴിക്കോട് സ്വദേശിനിയുമായ റൂഹി മൊഹസബിനെയാണ് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നേരിട്ട് അനുമോദിച്ചത്.
തിരുവനന്തപുരം സന്ദർശന വേളയിൽ കേരള ലോക് ഭവനിൽ വെച്ചായിരുന്നു കുട്ടിക്കുവേണ്ടിയുള്ള ഈ പ്രത്യേക കൂടിക്കാഴ്ച. റൂഹിയുടെ പരിസ്ഥിതി സ്നേഹത്തെയും പ്രവർത്തനങ്ങളെയും പ്രശംസിച്ച ഉപരാഷ്ട്രപതി, ഒപ്പുവെച്ച സന്ദേശവും ചോക്ലേറ്റും സമ്മാനിച്ചാണ് അവളെ ആദരിച്ചത്.
ഇതിനുപുറമെ, നേപ്പാൾ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റൂഹി സ്വന്തമായി വരച്ച കാൻവാസും ‘ഷിറിൻ യോകു’ എന്ന പുസ്തകവും ഉപരാഷ്ട്രപതിക്ക് സമ്മാനമായി നൽകി. രാജ്യത്തുടനീളമുള്ള 1000 സ്കൂളുകളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന ‘ട്രീ ബാങ്ക് നഴ്സറി’ പദ്ധതിയുടെ അമരക്കാരിയാണ് റൂഹി.
ഈ കൊച്ചുവയസ്സിൽ അവൾ കാഴ്ചവെക്കുന്ന ഹരിത പ്രവർത്തനങ്ങൾ നേരത്തെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കിയ ഗവർണർ രാജേന്ദ്ര ആർലേക്കർ റൂഹിയെ പ്രത്യേകമായി അഭിനന്ദിച്ചിരുന്നു.
ഇതിനുപുറമെ അന്താരാഷ്ട്ര തലത്തിലും ഈ മിടുക്കി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സുസ്ഥിര ഭാവിക്കായുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ ബാങ്കോക്കിലെ ഐക്യരാഷ്ട്ര സഭ ഏഷ്യൻ പെസഫിക് ആസ്ഥാനത്ത് നടന്ന ആഗോള സെമിനാറിലേക്ക് റൂഹിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു.
ഈ ആഗോള സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും റൂഹിയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

