യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കാസർകോട് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു. എംവി ഗോൾഡൻ ലിയോ എന്ന ചരക്കു കപ്പലിൽ ജോലി ചെയ്തിരുന്ന 26 വയസ്സുകാരനായ അഖിൽ ജോയൻ ആണ് ദാരുണമായി മരണപ്പെട്ടത്.
കഴിഞ്ഞ ആറു വർഷമായി ഈ കപ്പലിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. നിലവിലെ ജോലിയിൽ നിന്നും മാറി മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അഖിൽ.
പത്തൊൻപതാം വയസ്സിലാണ് അഖിൽ മർച്ചന്റ് നേവിയിൽ പ്രവേശിച്ചത്. ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനായ ജോയൻ, ഇൻഷുറൻസ് ഏജന്റായ സാലി എന്നിവരുടെ ഏക മകനാണ് ഇദ്ദേഹം.
മൂന്ന് മാസം മുൻപാണ് വിവാഹ നിശ്ചയത്തിനായി അഖിൽ അവസാനമായി നാട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസം മുൻപാണ് ഇദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചത്.
രണ്ട് മാസത്തിനുള്ളിൽ വിവാഹം നടക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഷിപ്പിംഗ് കമ്പനി അയച്ച ഇ-മെയിലിലൂടെയാണ് കുടുംബാംഗങ്ങൾ മരണവിവരം അറിയുന്നത്.
എന്നാൽ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അഖിലിന്റെ പിതാവ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും റഷ്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നോർക്ക വകുപ്പിന് നിർദ്ദേശം നൽകി. ഗിനി-ബിസാവു പതാകയേന്തിയ കപ്പൽ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ട
ഉടൻ തന്നെ റഷ്യൻ സേന ആക്രമിക്കുകയായിരുന്നു. യുക്രൈനിൽ നിന്ന് ചോളം കയറ്റി പോവുകയായിരുന്ന കപ്പലിലെ 10 ജീവനക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മരിച്ചവരിൽ അഖിലിനെ കൂടാതെ മറ്റ് മൂന്ന് ഇന്ത്യക്കാരും സിറിയയിൽ നിന്നുള്ള അഞ്ച് നാവികരും ഉൾപ്പെടുന്നു. കപ്പലിലുണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

