ദേശീയപാത 66-ൽ കാവനാട് ആൽത്തറമൂടിന് സമീപം ചെപ്പള്ളിമുക്കിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഉയരപ്പാതയിൽ അപകടകരമായ നിലയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ ജില്ലാ കലക്ടർ എൻ.ദേവിദാസ് അടിയന്തര ഇടപെടൽ നടത്തി.
വിഷയത്തിൽ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നാലംഗ സമിതിയെ കലക്ടർ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് ലഭ്യമാകുന്നത് വരെ പ്രസ്തുത ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കരാറുകാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ വിഭാഗം ജില്ലാ മേധാവി എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഈ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കും. സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച ശേഷമാണ് കലക്ടർ സമിതിയെ നിയോഗിച്ചത്.
മന്ത്രി ഷിബു ബേബിജോണും വിഷയത്തിൽ ഇടപെടുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ നിർമാണ കമ്പനി പ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ, കൗൺസിലർ ദീപു ഗംഗാധരൻ, മുൻകൗൺസിലർ എം.പുഷ്പാംഗദൻ എന്നിവരുമായി കലക്ടർ ചർച്ച നടത്തി.
കാവനാട് ആൽത്തറമൂട്ടിൽ നിന്ന് കടവൂർ ഭാഗത്തേക്കുള്ള പാതയിൽ ഏകദേശം 100 മീറ്റർ നീളത്തിലാണ് ആദ്യം വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടത്. ഗതാഗതത്തിനായി തുറന്നുനൽകാത്ത പാതയിൽ കാൽനടയാത്രക്കാരാണ് ഇത് ആദ്യം കണ്ടത്.
തുടർന്ന് റോഡിന്റെ എതിർവശത്തും സമാനമായ രീതിയിൽ വിള്ളലുകൾ രൂപപ്പെടുകയായിരുന്നു. ടാർ ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാൻ കരാർ കമ്പനി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയും വിടവുകൾ വർധിക്കുകയും ചെയ്തു.
തുടർന്ന് ഒരടി താഴ്ചയിൽ റോഡ് പൊളിച്ചു പണിയാൻ ശ്രമം നടത്തിയെങ്കിലും കൗൺസിലർ ദീപു ഗംഗാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കാവനാട് മുതൽ ശക്തികുളങ്ങര വരെ തൂണുകളിൽ മേൽപാലം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

