വിതുര പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. കല്ലറ വളക്കുഴിപ്പച്ച തോപ്പുവിള വീട്ടിൽ അനീഷ്-ശാലു ദമ്പതികളുടെ മകൾ ത്രയനന്ദയാണ് മരിച്ചത്.
മിതൃമ്മല ഗവ. ബോയ്സ് എച്ച്എസ്എസ് അധ്യാപകനാണ് അനീഷ്.
അനീഷന്റെ സഹോദരൻ അനൂപ്, ഭാര്യ അനു, മക്കളായ നിവേദ്, തീർഥ, സുഹൃത്തുക്കളായ അഖിന, ഗോപിക എന്നിവർക്കൊപ്പമായിരുന്നു ത്രയനന്ദയുടെ യാത്ര. പൊന്മുടിയിൽ നിന്ന് മടങ്ങുന്നതിനിടെ, 22 വളവുകളിൽ 21 എണ്ണം പിന്നിട്ട്, അവസാന വളവിന് മുൻപുള്ള 200 മീറ്റർ ദൂരത്ത് വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച ശേഷം 30 അടി താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞു.
സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തകർന്ന വാഹനത്തിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. കാറിന്റെ ഗ്ലാസുകൾ തകർന്നതിനാൽ ഡോറുകൾ തുറക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ത്രയനന്ദയെ വനം വകുപ്പിന്റെ വാഹനത്തിൽ ഉടൻ തന്നെ 13 കിലോമീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റ് ആറുപേരെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
ബുധനാഴ്ച കല്ലറ ഗവ. വിഎച്ച്എസ്എസിൽ മൂന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടിയ ത്രയനന്ദ, സ്കൂൾ തുറക്കുന്നതിന്റെ ആവേശത്തിലായിരുന്നു.
പുതിയ ബാഗും കുടയും ബുക്കുകളും വാങ്ങിയതിന്റെ സന്തോഷം യാത്രയിലുടനീളം പങ്കുവെച്ചിരുന്ന കുഞ്ഞ് ത്രയനന്ദയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

