ദേശീയപാത 66ൽ കൊറ്റുകുളങ്ങര മുതൽ കടമ്പാട്ടുകോണം വരെയുള്ള ജില്ലാ പരിധിയിൽ രണ്ടിടങ്ങളിലായി പുതിയ ടോൾ പ്ലാസകൾ പ്രവർത്തനം ആരംഭിക്കും. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം ഓരോ 60 കിലോമീറ്ററിലും ഒരു ടോൾ പ്ലാസ നിർമിക്കണമെന്നാണ് വ്യവസ്ഥ.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ 63 കിലോമീറ്റർ ദൂരത്തിൽ രണ്ട് പ്ലാസകൾ വരുന്നത്. പാരിപ്പള്ളിക്കും കല്ലുവാതുക്കലിനും ഇടയിൽ ശ്രീരാമപുരത്തും ഓച്ചിറയിലുമാണ് ഈ ടോൾ പ്ലാസകൾ സ്ഥാപിക്കുന്നത്.
ശ്രീരാമപുരം ടോൾ പ്ലാസയുടെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ യാത്രക്കാരുടെ സൗകര്യത്തിനായി ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും ഭക്ഷണശാലയും സജ്ജീകരിച്ചിട്ടുണ്ട്.
ആറുവരി പാതയിൽ ഇരുവശങ്ങളിലുമായി ആറ് വീതം കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ പ്രാഥമിക ചികിത്സാ കേന്ദ്രവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, ഓച്ചിറയിലെ ടോൾ പ്ലാസയുടെ നിർമാണം 50 ശതമാനം പൂർത്തിയായതായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാട്ടുകാർക്ക് ടോൾ ഇളവ് ലഭിക്കുമോ? ദേശീയപാത അതോറിറ്റിയുടെ ചട്ടപ്രകാരം സർവീസ് റോഡില്ലാത്ത ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് ടോൾ ഇളവ് അനുവദിക്കാറുണ്ട്.
ഓച്ചിറയിലും പാരിപ്പളളിയിലും സർവീസ് റോഡ് ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർക്ക് ഇളവ് ലഭിച്ചേക്കാന സാധ്യതയുണ്ട്. എന്നാൽ പാരിപ്പള്ളി ടോൾ പ്ലാസയിലെ സൗജന്യ യാത്രക്കാരുടെ പട്ടികയിൽ നിന്നും നാട്ടുകാരെ ഒഴിവാക്കിയാണ് നിലവിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എങ്കിലും, 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ മുൻകൂട്ടി റജിസ്റ്റർ ചെയ്ത് ലോക്കൽ റസിഡൻഷ്യൽ പാസ് സ്വന്തമാക്കിയാൽ സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ഈ പാസ് ലഭിക്കുന്നതിനായി പ്രതിവർഷം ഏകദേശം 350 രൂപയാണ് ഈടാക്കുന്നത്.
എന്നാൽ വാണിജ്യ വാഹനങ്ങൾക്ക് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്നാണ് ചട്ടങ്ങളിൽ വ്യക്തമാക്കുന്നത്. ലോക്കൽ റസിഡൻഷ്യൽ പാസിനായി വാഹനത്തിന്റെ ആർസി ബുക്ക്, ആ പ്രദേശത്തുള്ള താമസരേഖ എന്നിവയോടൊപ്പം ഫാസ്ടാഗ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
പൂർത്തീകരണം 2027 ഡിസംബറിൽ കൊറ്റുകുളങ്ങര മുതൽ കാവനാട് വരെയുള്ള ഭാഗം 2027 ഡിസംബർ അവസാനത്തോടുകൂടിയും, കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗം 2027 ജൂൺ അവസാനത്തോടെയും പൂർത്തീകരിക്കുന്ന രീതിയിൽ സമയക്രമം പുനഃക്രമീകരിച്ചതായി കേന്ദ്ര ദേശീയപാത–റോഡ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കൊറ്റുകുളങ്ങര – കാവനാട് റീച്ച് 2024 ഒക്ടോബറിലും കാവനാട്–കടമ്പാട്ടുകോണം റീച്ച് കഴിഞ്ഞ മാർച്ചിലും പൂർത്തിയാകുമെന്നായിരുന്നു മുൻപ് നിശ്ചയിച്ചിരുന്ന സമയക്രമമെന്നും മന്ത്രി വ്യക്തമാക്കി.
മൺപാത പരിശോധിക്കാൻ പ്രത്യേക സമിതി ദേശീയപാത 66ലെ കൊല്ലം മേഖലയിലെ മണ്ണിൽ തീർത്ത ഉയരപ്പാതകളുടെ സുരക്ഷ പരിശോധിക്കുന്നതിനായി സ്വതന്ത്ര ജിയോ ടെക്നിക്കൽ ഏജൻസിയായ ഐഐടി ഡൽഹി, ഐഐടി പാലക്കാട് എന്നിവിടങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഉയരപ്പാതകളുടെ സുരക്ഷ സംബന്ധിച്ച് സർക്കാർ തലത്തിൽ നടത്തിയ പഠനങ്ങളെക്കുറിച്ചും, മണ്ണുയരപ്പാതകൾക്ക് പകരം പില്ലറുകളിൽ തീർത്ത ഉയരപ്പാതകൾ നിർമിച്ച് റോഡിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വിശദമായ മണ്ണ് പരിശോധനകളും ബോർ ഹോൾ പരിശോധനകളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ലഭ്യമായ ഫീൽഡ് പരിശോധനാ വിവരങ്ങളും മണ്ണിന്റെ സ്വഭാവവും അടിസ്ഥാനമാക്കി നിലവിലെ രൂപകൽപന പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
മൺഉയരപ്പാതകൾ താങ്ങിനിർത്തുന്ന വശങ്ങളിലെ ഭിത്തികളുടെ രൂപകൽപനയും നിലവിൽ പരിശോധനയിലാണ്. മൺ ഉയരപ്പാതയുടെ വശങ്ങളിലെ ഭിത്തി തകർന്നതിനെ തുടർന്ന് മൈലക്കാട് പ്രദേശത്ത് കരാറുകാരൻ സ്വന്തം ചെലവിൽ 120 മീറ്റർ നീളമുള്ള പില്ലറിൽ തീർത്ത വയാഡക്റ്റ് ഉയരപ്പാത നിർമിച്ചുവരികയാണ്.
രാജ്യത്തെ എല്ലാ ദേശീയപാതകളുടെയും നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി പദ്ധതിതലത്തിലും സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും കൃത്യമായ മേൽനോട്ട സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട
കക്ഷികളുമായി ചേർന്ന് അവലോകന യോഗങ്ങൾ പതിവായി നടത്താറുണ്ടെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

