കൊല്ലം ജില്ലയിൽ ഭാര്യയുമായുള്ള പ്രശ്നങ്ങളുടെ ഉത്തരവാദി അമ്മയാണെന്ന സംശയത്തെ തുടർന്ന് മാതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് തന്റെ മാതാവായ സരസ്വതിയെ ആക്രമിക്കാൻ മുതിർന്നത്.
സംഭവത്തിൽ പ്രതിയായ രാജേഷിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് രാജേഷിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു.
ഇതിന് കാരണം അമ്മയാണെന്ന് ആരോപിച്ചായിരുന്നു പ്രതി കഴിഞ്ഞദിവസം വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തർക്കം രൂക്ഷമായതോടെ കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് രാജേഷ് സരസ്വതിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ വലതു കയ്യിൽ വെട്ടേറ്റ സരസ്വതി ജീവരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പ്രതി ഇവരെ പിന്തുടർന്ന് വീണ്ടും ആക്രമിക്കുകയുണ്ടായി. മുഖത്തും കൈകൾക്കും ഗുരുതരമായി വെട്ടേറ്റ സരസ്വതിയെ ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതി തന്നെ മുൻകാലങ്ങളിലും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സരസ്വതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി സി ജോണിന്റെ കർശന നിർദേശപ്രകാരം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ് ബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി നിയമനടപടികൾ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

