എറണാകുളം–കൊല്ലം മെമു സർവീസിൽ കോച്ചുകളുടെ എണ്ണം കുറച്ചതുമൂലം യാത്രക്കാർ ദുരിതത്തിൽ. പന്ത്രണ്ട് കോച്ചുകളുണ്ടായിരുന്ന മെമു സർവീസ് കഴിഞ്ഞ രണ്ടാഴ്ചയായി എട്ട് കോച്ചുകൾ മാത്രമായാണ് സർവീസ് നടത്തിയത്.
വൈകിട്ട് 5.40ന് കോട്ടയത്തുനിന്ന് കൊല്ലത്തേക്കുള്ള സർവീസിലാണ് യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്. കോട്ടയം പിന്നിട്ടാൽ ചെങ്ങന്നൂർ മുതൽ തന്നെ ട്രെയിനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തുടർന്നുള്ള സ്റ്റേഷനുകളിൽ നിന്നും കൂടുതൽ യാത്രക്കാർ കയറുന്നതോടെ ട്രെയിനിനുള്ളിൽ നിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. ദിവസേന ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഈ ട്രെയിനെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലായിരിക്കുന്നവരിൽ ഭൂരിഭാഗവും.
കാലപ്പഴക്കം കാരണം കൊല്ലത്തുനിന്നുള്ള മെമു സർവീസുകൾക്ക് അറ്റകുറ്റപ്പണികൾ പതിവാണ്. നിലവിൽ അറ്റകുറ്റപ്പണിക്കായി പാലക്കാടേക്ക് കൊണ്ടുപോയിരിക്കുന്ന കോച്ചുകൾ നാളെയോ മറ്റെന്നാളോ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.
പാലക്കാട്ടുനിന്ന് എൻജിനുകൾ തിരികെ ലഭിച്ചാൽ നിലവിലുള്ള കോച്ചുകളുമായി ബന്ധിപ്പിച്ച് വീണ്ടും 12 കോച്ചുകളോടെ സർവീസ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിന് റെയിൽവേ കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ പുതിയ മെമു കോച്ചുകളുടെ നിർമാണം നടക്കുന്നില്ല.
കാലപ്പഴക്കം ചെന്ന റേക്കുകളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. എൻജിന്റെ മോട്ടറുകൾക്ക് തകരാർ സംഭവിക്കുന്നതും കോച്ചുകളുടെ അറ്റകുറ്റപ്പണികളും സർവീസിനെ സാരമായി ബാധിക്കുന്നുണ്ട്.
ബോഗികളുടെ വീലുകളിലുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും പരിഹരിക്കാനുള്ള സൗകര്യം കൊല്ലത്ത് ലഭ്യമല്ല. കൊച്ചുവേളിയിലും എറണാകുളത്തും തിരക്ക് കുറയുമ്പോൾ മാത്രമാണ് വീൽ ടേണിങ് പോലുള്ള ജോലികൾ പൂർത്തിയാക്കാൻ സാധിക്കുന്നത്.
ഇതിനായി ബോഗികൾ ദിവസങ്ങളോളം മാറ്റിയിടേണ്ടി വരുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് ചർച്ച നടത്തി.
പാർലമെന്റ് സമ്മേളനത്തിനിടയിലാണ് അദ്ദേഹം മന്ത്രിയെ സന്ദർശിച്ച് വിഷയം അവതരിപ്പിച്ചത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഒരു മെമു റേക്കിന്റെ സാങ്കേതിക തകരാറാണ് കോച്ചുകളുടെ എണ്ണം എട്ടായി കുറയാൻ ഇടയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിവിഷന് കീഴിൽ ആവശ്യത്തിന് സ്പെയർ റേക്ക് ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി തിരുവനന്തപുരം ഡിവിഷന് അടിയന്തരമായി ഒരു സ്പെയർ മെമു റേക്ക് അനുവദിക്കണമെന്നും, എത്രയും പെട്ടെന്ന് കോച്ചുകളുടെ എണ്ണം പഴയപടിയാക്കി യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

