കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട
സ്വദേശിയായ ഷാഹിനയാണ് കുഞ്ഞിന് ജന്മം നൽകിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ വെച്ചായിരുന്നു പ്രസവം.
ആശുപത്രിയിലെ വാർഡിൽ വെച്ച് വയനാട് മേപ്പാടി സ്വദേശിയായ ഒരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം അമ്മ കടന്നുകളയുകയായിരുന്നു. കുറേ സമയം കഴിഞ്ഞിട്ടും മാതാവ് തിരിച്ചെത്താത്തതിനെ തുടർന്ന് കുഞ്ഞിനെ കൈമാറിയ സ്ത്രീ വിവരം അധികൃതരെ അറിയിക്കുകയും തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിതാ പൊലീസിന്റെ സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
ആശുപത്രിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഷാഹിന നൽകിയ മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുഞ്ഞിന്റെ മാതാവിന്റെ ബന്ധുക്കളെ പൊലീസ് ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്.
അമ്മയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് മുൻപാകെ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

